MovieNEWS

”കുറേ കരഞ്ഞു പക്ഷേ, കയ്യില്‍ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ചെയ്യേണ്ടി വന്നു”… ബിരിയാണിയിലെ അനുഭവത്തെക്കുറിച്ച് കനി

ടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഏറെ പ്രശംസകള്‍ നേടിയ നടിയാണ് കനി കുസൃതി. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്.

എന്നാല്‍, ചിത്രത്തിലെ രാഷ്ട്രീയത്തിന് നേരെയും കനിക്കെതിരെയും വ്യാപക വിമര്‍ശനം വന്നിരുന്നു. ഇപ്പോഴിതാ ബിരിയാണിയില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കയ്യില്‍ പണമില്ലാത്തതിനാലാണ് തനിക്ക് ആ ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നത് എന്നാണ് കനി പറഞ്ഞത്.

Signature-ad

കനിയുടെ വാക്കുകളിലേക്ക്:

കയ്യില്‍ അഞ്ച് പൈസയില്ലാതെ ഇരിക്കുന്ന സമയത്താണ് ഈ സിനിമ വരുന്നത്. എന്നിട്ടും സംവിധായകനായ സജിനോട് ഞാന്‍ പറഞ്ഞു, എനിക്ക് പല വിയോജിപ്പുകളും ഉണ്ട്, ചിത്രത്തില്‍ രാഷ്ട്രീയപരമായും ഏസ്തറ്റിക്കലി ഒക്കെയും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറെ നിടിമാരെ നോക്കൂ, ആരെയും കിട്ടിയില്ലെങ്കില്‍ മാത്രം ചെയ്യാം എന്നും സജിനെ അറിയിച്ചു.

നഗ്‌ന രംഗങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ആരും ചെയ്തില്ല. ഒടുവില്‍ സജിന്‍ വീണ്ടും എന്റെയടുത്ത് വന്നു. അന്ന് 70,000 രൂപയോ മറ്റോ ആണ് അത്രയും ദിവസം വര്‍ക്ക് ചെയ്തപ്പോള്‍ കിട്ടിയത്. അതെനിക്ക് വലിയ പൈസയാണ്. എന്റെ അക്കൗണ്ടില്‍ അന്ന് മൂവായിരം രൂപയോ മറ്റോ ഉള്ളു. 70,000 കിട്ടിയാല്‍ അത്രയും നല്ലത് എന്നാണ് ഞാന്‍ വിചാരിച്ചത്. ഇഷ്ടമല്ലാതെ ചെയ്തതുകൊണ്ട് കൂട്ടുകാരിയെ വിളിച്ച് ഒരുപാട് കരഞ്ഞു.

അതേസമയം, കനിയ്ക്കൊപ്പം നടി ദിവ്യ പ്രഭയും അഭിനയിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം കാന്‍ മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴാണ് താരം തണ്ണിമത്തന്‍ ബാഗ് പ്രദര്‍ശിപ്പിച്ചത്. കനിയോടൊപ്പം ദിവ്യ പ്രഭയും ഹ്രിദ്ധു ഹാറുണും വേദിയിലുണ്ടായിരുന്നു. പായല്‍ കപാഡിയയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ മുപ്പത് വര്‍ഷത്തിന് ശേഷം കാന്‍ മത്സരവിഭാഗത്തില്‍ എത്തുന്ന ഇന്ത്യന്‍ ചിത്രമാണ്. ചിത്രത്തിന്റെ പ്രദര്‍ശനം പൂര്‍ത്തിയായ ശേഷം എട്ടുമിനിട്ടോളം കാണികള്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. മുറിച്ച തണ്ണിമത്തന്‍ കഷ്ണത്തിന്റെ ആകൃതിയിലുള്ള ബാഗ് ആണ് കനി കൈയില്‍ കരുതിയത്. പാലസ്തീന്‍ കൊടിയുടെ നിറങ്ങളായ പച്ച, ചുവപ്പ് എന്നീ നിറങ്ങളടങ്ങിയ തണ്ണിമത്തനുകള്‍ പാലസ്തീനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ആഗോള ബിംബങ്ങളാണ്.

 

Back to top button
error: