KeralaNEWS

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, കോടികള്‍ ഒഴുകി; കൂടുതല്‍ കാര്യങ്ങള്‍ ഉച്ചയോടെ വെളിപ്പെടുത്തുമെന്ന് ഷോണ്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപണം. ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.

എസ്എന്‍സി ലാവ്ലിന്‍, പിഡബ്‌ള്യുസി അടക്കമുള്ള കമ്പനികള്‍ എക്സാലോജിക്കിന് പണം നല്‍കിയെന്നും ഷോണ്‍ ആരോപിക്കുന്നു. സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എക്സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ 11.30ന് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നാണ് ഷോണ്‍ ജോര്‍ജ് അറിയിച്ചിരിക്കുന്നത്.

Signature-ad

ഷോണ്‍ ജോര്‍ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സാലോജിക്കിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച പിവി പിണറായി വിജയനാണെന്നും ഷോണ്‍ ഉന്നയിച്ചിരുന്നു.

സിഎംആര്‍എല്‍ ഇല്ലാത്ത സേവനത്തിന് വീണവിജയനും അവരുടെ സോഫ്റ്റ്വെയര്‍ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്ന് നേരത്തെ ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ആദായനികുതിയും റെവന്യു ഏജന്‍സികളും അന്വേഷിച്ചിരുന്ന എക്‌സാലോജിക് കമ്പനിക്കെതിരായ പരാതി വന്‍കിട സാമ്പത്തിക വഞ്ചനാകേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറുകയും ചെയ്തിരുന്നു.

Back to top button
error: