തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ല. രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പിണറായി വിജയന് മുഖ്യമന്ത്രിയായിട്ട് ശനിയാഴ്ച എട്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്.
1945 മേയ് 24നാണ് കണ്ണൂര്‍ പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയന് ജനിച്ചത്. ശാരദാ വിലാസം എല്‍പി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണന്‍ കോളജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്‍സ് ഫെഡറേഷന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.
1964 ല്‍ കെഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസൈ്വഎഫ് സംസ്ഥാന പ്രസിഡന്റായി. 1967 ല്‍ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ല്‍ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്റ്റംബര്‍ 25ന് പാര്‍ട്ടി സെക്രട്ടറിയായി. അതിനുശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു പൊളിറ്റ് ബ്യൂറോ അംഗവുമായി. 2016ലാണ് ആദ്യ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
ഔദ്യോഗിക രേഖകളില്‍ 1944 മാര്‍ച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ശരിയായ ജനനത്തീയതി മേയ് 24നാണെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ തലേന്നാണ് പിണറായി വിജയന് വെളിപ്പെടുത്തിയത്.