NEWSPravasi

മലയാളിയുടെ നന്മ: അബ്ദുൾ റഹീമിന്‍റെ മോചനം ഉടൻ, കുരുക്കുകൾ അഴിയുന്നു; ഒന്നരക്കോടി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി

റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനു വേഗതയറുന്നു.  വിദേശകാര്യമന്ത്രാലയത്തിന് മോചനദ്രവ്യം കൈമാറി. ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ നിന്ന് ഉച്ചയോടെ പണം ട്രാൻസ്ഫർ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ (34 കോടി രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ നിങ്ങി.  റിയാദിലെ ഇന്ത്യൻ എംബസി ഈ തുക ഇനി കോടതി മുഖനേ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് കൈമാറും.

ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം  എംബസിയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറി.

Signature-ad

വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ പരിശോധിച്ച ശേഷം നൽകുന്ന നിർദേശങ്ങൾ അനുസരിച്ചായിരിക്കും തുടർനീക്കങ്ങൾ

ഇതിനിടെ റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (1.65 കോടി രൂപ) കൈമാറി.

ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് മലയാളികൾ ഉൾപ്പടെയുള്ള മനുഷ്യസ്നേഹികൾ നിർലോഭം നൽകിയ പണമാണ് റഹീമിന്റെ മോചനത്തിന് സാധ്യത  തുറന്നത്. അവരെല്ലാം റഹീമിന്റെ മോചനം സാധ്യമാകുന്ന ശുഭവാർത്ത കാത്തിരിക്കുന്നു.
വൈകാതെ റഹിം നാട്ടിലെത്തും എന്നാണ് ഏവരുടെയും പ്രതീക്ഷ.

Back to top button
error: