LIFELife Style

‘ഡോണ്ടു ഡോണ്ടു’! വീട്ടില്‍ ഈ മരങ്ങളും ചെടികളും ഒരിക്കലും നട്ടു വളര്‍ത്തരുത്, കാരണമിതാണ്

ചില വൃക്ഷങ്ങള്‍ വീടിരിക്കുന്ന സ്ഥലത്ത് നിന്നാല്‍ വീട്ടുകാര്‍ക്ക് നല്ല ഗുണമുണ്ടാകുമെന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം.. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവയാണ് മംഗളകരമായ വൃക്ഷങ്ങളായി കരുതപ്പെടുന്നത്. എന്നാല്‍ ചില വൃക്ഷങ്ങള്‍ വീടിനു അത്ര ഉത്തമമല്ലെന്നും പറയാറുണ്ട്.

കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങള്‍ ഗൃഹ പരിസരത്ത് നില്‍ക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങള്‍ വീടിന്റെ ചുറ്റുവളപ്പില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിര്‍ബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.

Signature-ad

അതുപോലെ തന്നെ ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം പാടില്ലെന്നും പറയാറുണ്ട്. വടക്ക് നില്‍ക്കുന്ന അമ്പഴവും പുന്നയും ഇത്തിയും തെക്കുള്ള പുളിയും പടിഞ്ഞാറ് നില്‍ക്കുന്ന എഴിലം പാലയും കിഴക്ക് നില്‍ക്കുന്ന ഇലഞ്ഞിയും ശുഭദായകമാണ്.

കുടുംബത്തില്‍ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കാന്‍ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികള്‍ നട്ടു വളര്‍ത്താം .

1. കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളി എന്നിവയും ഉത്തമ ഫലം നല്‍കും.

2. കന്നിമൂലയില്‍ അതായത് വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍ കറുക പടര്‍ത്തുക. വീടിനു ചുറ്റും തുളസി, വാഴ ,കവുങ്ങ്, മുല്ല എന്നിവ നടുക.

3. തെക്കുകിഴക്കേ മൂലയായ അഗ്‌നികോണില്‍ മുള നട്ടു പരിപാലിക്കുക.

4. വടക്കുകിഴക്കുമൂലയില്‍ സമ്പല്‍സമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക.

5. പടിഞ്ഞാറ് ഭാഗത്തു മഞ്ഞള്‍ നടുന്നത് വാസ്തു ദോഷങ്ങള്‍ കുറയ്ക്കുമെന്നാണ് വിശ്വാസം.

6. നാല്പാമരങ്ങള്‍ വിപരീത സ്ഥാനങ്ങളില്‍ (വടക്ക് അത്തി, തെക്ക് ഇത്തി, കിഴക്ക് അരയാല്‍, പടിഞ്ഞാറ് പേരാല്‍ ) നില്‍ക്കാന്‍ പാടില്ല .

ഉപയോഗ്യമായ ഫലവൃക്ഷങ്ങള്‍ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല. മേല്‍പ്പറഞ്ഞ രീതിയില്‍ നട്ടു വളര്‍ത്തിയാല്‍ സദ്ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

 

Back to top button
error: