കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പ പള്ളിക്കു താഴെ കണ്ടോത്ത് വലിയ പീടികയില്‍ ആമുവിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയവരെ കണ്ടെത്താന്‍ അഞ്ചംഗ അന്വേഷണസംഘത്തെ നിയമിച്ചു. പയ്യന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സംഘം കേസന്വേഷിക്കുക.
കവര്‍ച്ചയ്ക്കുശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ അലമാരയില്‍ തുണികള്‍ക്കിടയില്‍വെച്ചിരുന്ന 36 പവന്‍ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആദ്യം 75 പവനിലേറെ നഷ്ടപ്പെട്ടു എന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. 40 പവനോളം ആഭരണങ്ങള്‍ മാത്രമാണ് നഷ്ടമായെതെന്ന് പോലീസ് പറഞ്ഞു.
കണ്ടോത്ത് പാട്യത്തെ ഡൊമിനിക് തോമസിന്റെ വീട്ടിലും പെരുമ്പയില്‍ കവര്‍ച്ച നടത്തിയവര്‍തന്നെയാണ് കവര്‍ച്ചശ്രമം നടത്തിയതെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. പെരുമ്പയിലെ കവര്‍ച്ച നടന്ന വീടിനു സമീപത്തെ സ്ഥാപനത്തില്‍നിന്ന് കിട്ടിയ സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടയാള്‍തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി
2.17-നാണ് മോഷ്ടാവ് ആദ്യം സി.സി.ടി.വി.യില്‍ ദൃശ്യമാകുന്നത്. ഒന്നുരണ്ട് വട്ടം കൂടി ഇടവഴി വഴി ഇയാള്‍ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നു. അവസാനം തിരിച്ചുപോകുന്നത് പുലര്‍ച്ചെ 4.05-നാണ്. നീളം കൂടിയ ഇയാള്‍ തൊപ്പി ധരിച്ചിരുന്നു. കൈയില്‍ കൈയുറ ധരിച്ചപോലെയും തോന്നിക്കുന്നു. തിരിച്ചുപോകുമ്പോള്‍ വലത് കൈയില്‍ ഒരു പൊതിയും ഉണ്ടായിരുന്നു. ഇത് മോഷ്ടിച്ച സ്വര്‍ണമാണെന്ന് കരുതുന്നു.
കവര്‍ച്ച നടത്തിയത് ഒരാള്‍ ഒറ്റയ്ക്കാണോ സംഘം ചേര്‍ന്നാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഒച്ചയുണ്ടാക്കാതെ വാതില്‍ തകര്‍ത്തതും വീട്ടിനുള്ളില്‍ കൃത്യം നടത്തിയതും പരിചയമുള്ള മോഷ്ടാവിന്റെ രീതിയിലാണ്. എന്നാല്‍, ഉപയോഗിച്ച കമ്പിപ്പാരയും വാക്കത്തിയും വീട്ടിനകത്തും സ്വര്‍ണാഭരണം സൂക്ഷിച്ച കവറുകള്‍ വീടിനു പുറത്തും ഉപേക്ഷിച്ചതും ഒരു പരിചിതനായ മോഷ്ടാവിന്റെ രീതിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാത്രമല്ല, ആളുകളുള്ള വീട്ടില്‍ ഒറ്റയ്ക്ക് കവര്‍ച്ച നടത്താന്‍ പരിചിതനല്ലാത്ത ഒരാള്‍ക്ക് സാധിക്കുമോ എന്നും സംശയമുണ്ട്. മോഷ്ടാവ് വീടും പരിസരവും ദിവസങ്ങള്‍ക്കു മുന്‍പേ നിരീക്ഷിച്ച് കൃത്യം നടത്തിയതായും കരുതുന്നു. സ്ഥലം നല്ലപോലെ പരിചയമുള്ളവര്‍ സഹായിച്ചിരിക്കാനും വഴിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.