തിരുവനന്തപുരം: കേന്ദ്രം നേരിട്ട് വിതരണം തുടങ്ങിയ ഭാരത് റൈസും അതിനു ബദലായി സംസ്ഥാനം കൊണ്ടുവന്ന കെ-റൈസും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പേരിനുമാത്രമായി.
കൊട്ടിഘോഷിച്ചാണ് ഇവയുടെ വിതരണം തുടങ്ങിയത്. വാഹനങ്ങളില്‍ ജില്ലതോറും വില്പന നടത്തിയ ഭാരത് റൈസ് ഇപ്പോള്‍ വല്ലപ്പോഴും വന്നാലായി. സപ്‌ളൈകോ വഴി സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന തുടങ്ങിയ കെ-റൈസ് ലഭ്യമല്ല. സബ്‌സിഡി അരിയുടെ ഒരു ഭാഗമാണ് കെ-റൈസാക്കി നല്‍കിയത്.
നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനാണ് ഭാരത് റൈസ് വാഹനങ്ങളില്‍ വിതരണം ചെയ്തത്. അരി വില്‍പ്പനയ്ക്ക് ബി.ജെ.പി നേതാക്കള്‍ സ്വീകരണം ഒരുക്കിയതോടെ വോട്ടിനു വേണ്ടിയുള്ള തട്ടിപ്പാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു.
സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലാതായ വേളയിലാണ് ഫെബ്രുവരി 7ന് ഭാരത് റൈസിന്റെ വരവ്. അപകടം മനസിലാക്കി മാര്‍ച്ച് 12ന് ശബരിയുടെ ബ്രാന്‍ഡില്‍ കെ-റൈസ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കി.
തിരഞ്ഞെടുപ്പിന് മുമ്പ്
1.ഭാരത് റൈസുമായി വാഹനങ്ങള്‍ എല്ലാ ജില്ലകളിലും. ഗുണമേന്മയുള്ള പച്ചരി 29 രൂപ നിരക്കില്‍ 10 കിലോ വരെ നല്‍കി
2. സംസ്ഥാന സര്‍ക്കാര്‍ കെ-റൈസ് എന്ന പേരില്‍ ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി 30 രൂപയ്ക്കും
എത്തിച്ചു. ഒരാള്‍ക്ക് 5 കിലോ പായ്ക്കറ്റ്. പുറമെ സബ്‌സിഡി അരിയും
തിരഞ്ഞെടുപ്പിന് ശേഷം
1.ഭാരത് റൈസുമായി വരുന്ന വാഹനങ്ങള്‍ നാമമാത്രമായി. നാഫെഡ് തിരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് വില്പന മാറ്റി
2. കെ-റൈസ് പായ്ക്കറ്റ് അരി കിട്ടാനില്ല. മാസത്തില്‍ അഞ്ചുകിലോ അരി തരും.അതിനെ സബ്‌സിഡി അരിയെന്നോ, കെ-റൈസെന്നോ ഇഷ്ടാനുസരണം വിളിക്കാം
അതേസമയം, ആന്ധ്രയില്‍ കൊയ്ത്തു കഴിഞ്ഞിട്ടും അരി വില കുറഞ്ഞിട്ടില്ല. ചിലതിന് കൂടുകയും ചെയ്തു. ചില്ലറ വിപണിയില്‍ പച്ചരി, ആന്ധ്രവെള്ള (ജയ) ഒഴികെയുള്ളതിന് 50 രൂപ കടന്നു. പായ്ക്കു ചെയ്തതാണെങ്കില്‍ 60 മുതല്‍ 70 രൂപവരെയാണ് വില