കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ സാധാരണഗതിയിലേക്ക്. ഇന്ന് രാവിലെ എട്ട് മണിക്ക് റാസല്‍ഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയത്. ബാക്കി എല്ലാ വിമാനങ്ങളും കൃത്യ സമയത്ത് സര്‍വീസ് നടത്തുന്നുണ്ടെന്ന് കരിപ്പൂരിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന എല്ലാ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു വിവരം. ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര കഴിഞ്ഞ ദിവസം മുടങ്ങി. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും ഇന്നലെയും വിമാന സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനായില്ല.
ഗള്‍ഫ് രാജ്യങ്ങളിലേക്കാണു കരിപ്പൂരില്‍നിന്നു കൂടുതല്‍ യാത്രക്കാര്‍ പോകുന്നത്. വിമാനം മുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് പതിനായിരം രൂപയിലധികമാണു വര്‍ധിച്ചത്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.