IndiaNEWS

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കെജ്രിവാള്‍; റോഡ് ഷോയോടെ പ്രചാരണം തുടങ്ങും

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നോതാക്കള്‍ക്കുമൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

വന്‍ റോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പോലീസിനു പുറമെ സിആര്‍പിഎഫിന്റെയും ദ്രുത കര്‍മസേനയുടെയും വലിയ സംഘം ഇവിടെ നിലയിറപ്പിച്ചിരുന്നു.

Signature-ad

ക്ഷേത്ര ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് റോസ് അവന്യുവിലുള്ള പാര്‍ട്ടി ആസ്ഥാനത്തുവെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. വൈകിട്ടോടെ കിഴക്കന്‍ ഡല്‍ഹിയിലുള്‍പ്പെടെ വിവിധ റോഡ് ഷോകളിലും പങ്കെടുക്കും.

മദ്യനയക്കേസില്‍ ഒന്നരമാസത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുടെയും ആഹ്ലാദാരവങ്ങള്‍ക്കിടെയാണ് കെജ്രിവാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. സംസ്ഥാനമന്ത്രിമാരടക്കമുള്ള ആപ് നേതാക്കളും ഭാര്യ സുനിതയും സ്വീകരിക്കാനെത്തിയിരുന്നു.

കെജ്രിവാള്‍ ഇനി തിരഞ്ഞെടുപ്പുകളത്തില്‍ പ്രധാന പ്രതിപക്ഷമുഖമാകും. സ്വന്തം തട്ടകങ്ങള്‍ക്കുപുറമേ ഇന്ത്യസഖ്യത്തിന്റെ രാഷ്ട്രീയഭൂമിയിലും ഊര്‍ജം പരത്തി അദ്ദേഹം ജൂണ്‍ ഒന്നുവരെ നിറയും. നീതിയും ജനാധിപത്യവും വീണ്ടും ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ പടയൊരുക്കാന്‍ കെജ്രിവാളിന്റെ ജയില്‍വാസം വിഷയമാകും. എന്നാല്‍, വേരോട്ടം വളര്‍ന്നുതുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ ആപ്പിന്റെ സ്വന്തം മണ്ഡലങ്ങളില്‍ മാത്രമായി പ്രഭാവം ഒതുങ്ങുമെന്ന കണക്കുകൂട്ടലായിരിക്കും ബി.ജെ.പിക്ക് ഇനി.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ ഒന്നുവരെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് കെജ്രിവാളിന് ഇടക്കാലജാമ്യം നല്‍കിയത്. ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലില്‍ കീഴടങ്ങണം.

 

Back to top button
error: