വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയ സിബിഐ കള്ളമൊഴി പറഞ്ഞ കലാഭവൻ സോബിക്കെതിരെ കേസെടുക്കും. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുമ്പോൾ വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അർജുനെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് സിബിഐ പ്രതിയാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയതിനാണ് കൊച്ചിൻ കലാഭവനിലെ മുൻ സൗണ്ട് റെക്കോർഡിസ്റ്റ് സോബി ജോർജിനെതിരെ കേസ് എടുക്കുന്നത്. വഞ്ചന മനുഷ്യകടത്ത് അടക്കം ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് സോബി. ഒരു കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രക്ഷപ്പെടുമ്പോൾ ആണ് അപകടസ്ഥലത്ത് ഇയാൾ എത്തിയതെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു.
ബാലഭാസ്കറിന്റെ കുടുംബം ഉന്നയിക്കുന്ന ദുരൂഹതക്ക് തെളിവുകൾ ഇല്ല എന്നും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതാണ് അപകടകാരണം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ ശരിവെക്കുന്നതാണ് സിബിഐയുടെ കുറ്റപത്രം. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുന്നത്. എന്നാൽ ബാലഭാസ്കറിനോ ട്രൂപിനോ സ്വർണക്കടത്തുമായി ബന്ധമില്ല എന്ന് സിബിഐ കണ്ടെത്തി. ഇൻഷുറൻസുമായി ബന്ധപ്പെട്ട് ഉണ്ടായ സംശയത്തിനും അപകടവുമായി ബന്ധം ഇല്ല എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.