മധ്യപ്രദേശിലെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ യാചകരെ പുറന്തള്ളാൻ തീരുമാനിക്കുന്നു. ഇത് വ്യാപകമായ എതിർപ്പുകളാണ് ക്ഷണിച്ചുവരുത്തിയത്. എന്നാൽ കാണാതെ പോയ ഭർത്താവിനെ കണ്ടെത്താൻ ഭാര്യയ്ക്ക് തുണയായതും ഈ പ്രവർത്തി തന്നെ.
നാടുകടത്തലിന്റെ ദൃശ്യങ്ങളിൽ നിന്നാണ് പുഷ്പാ സാൽവി എന്ന സ്ത്രീ ഭർത്താവിനെ തിരിച്ചറിയുന്നത്. വീടില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിൽ അമ്പതുകാരനായ അനിൽ സാൽവിയും ഉണ്ടായിരുന്നു.
മാനസികാസ്വാസ്ഥ്യമുള്ള അനിൽ സാൽവി കഴിഞ്ഞമാസമാണ് വീടുവിട്ടിറങ്ങിയത്. പുഷ്പ കുറെ അന്വേഷിച്ചെങ്കിലും ഭർത്താവിനെ കണ്ടെത്താനായില്ല. പൊലീസിൽ പരാതി നൽകി കാത്തിരിക്കുമ്പോഴാണ് നാടുകടത്തൽ ദൃശ്യങ്ങൾ പുഷ്പ കാണുന്നത്.
തുടർന്ന് കോർപ്പറേഷൻ അധികൃതരുടെ സഹായത്തോടെ പുഷ്പ ഭർത്താവിനെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഭർത്താവിനെ മാനസികാരോഗ്യ വിദഗ്ദ്ധരെ കാണിച്ച് പുഷ്പ ചികിത്സയും നടത്തുന്നുണ്ട്.