KeralaNEWS

കേരളാ കോൺഗ്രസ് (എം) നേതാവ് എന്‍.എം രാജുവും  കുടുംബവും അറസ്റ്റില്‍, 100 കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

   കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷറർ എന്‍.എം രാജു 100 കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയിലേറെ രൂപ തട്ടിയെടുത്തതയി പരാതി. ഇതേ തുടർന്ന് പത്തനംതിട്ട നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമയായ രാജു (രാജു ജോര്‍ജ്) വിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.

രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്.

Signature-ad

  കെ.എം മാണിയുടെ വിശ്വസ്തനായിട്ടാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികള്‍ വന്നുവെങ്കിലും പൊലീസ് നടപടി വൈകിയെന്ന് ആക്ഷേപമുണ്ട്.

അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മലയാളികളില്‍ നിന്നാണ് രാജു പ്രധാനമായും പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 100കണക്കിന് നിക്ഷേപകരില്‍ നിന്നും കോടികൾ   രാജു നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. നെടുമ്പറമ്പില്‍ ഫിനാന്‍സ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. നെടുമ്പറമ്പില്‍ ഫിനാന്‍സിൻ്റെ തകർച്ച സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനില്‍ 2 മാസം മുമ്പ് 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളി നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്‌റ്റേഷനുകളില്‍ പരാതിക്കാർ എത്തുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് വിവിധ ബ്രാഞ്ചുകളിലെത്തി ബഹളം കൂട്ടുന്നുണ്ട്.

കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കരിക്കിനേത്ത് സില്‍ക്സ് വാങ്ങി ‘എന്‍.സി.എസ് വസ്ത്രം’ എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയിരുന്നു. ഈ  വകയില്‍ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികള്‍ നല്‍കാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ പ്രവർത്തിക്കാന്‍ കഴിയില്ലെന്ന്  അറിയിച്ച്  വിശ്വാസികള്‍ കടയ്ക്ക് മുന്നില്‍ സമരം തുടങ്ങിയിരുന്നു. അടുത്ത കാലത്ത് എന്‍.സി.എസ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എന്‍ സി എസിന്റെ പേരിലുണ്ട്. ഇതെല്ലാം നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.

Back to top button
error: