കോഴിക്കോട്: താമരശ്ശേരി പിസി മുക്കില്‍ അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയില്‍. ബംഗാള്‍ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് നിലമ്പൂര്‍ തണ്ടുപാറക്കല്‍ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്നു ബന്ദിയാക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ചു നാജ്മി പറയുന്നതിങ്ങനെ: വീട് വൃത്തിയാക്കാനെന്നു പറഞ്ഞ് ബിനു വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കില്‍ കൂടെ വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്തു. പിന്നീട് ബൈക്ക് നിര്‍ത്തി നടന്നു പോയി ഒരു കവറില്‍ ഒരു കെട്ട് പണവുമായി ബിനു തിരിച്ചെത്തി. അവിടെനിന്നു വീണ്ടും ഒരു മണിക്കൂര്‍ യാത്ര ചെയ്തശേഷം തുക ഒരു യുവതിയെ ഏല്‍പ്പിച്ചു.
പിന്നീട് ബാറിലെത്തി മദ്യപിച്ചശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ ഉച്ചയ്ക്ക് രണ്ടരയോടെ തിരിച്ചെത്തി. ബിനു പറഞ്ഞതനുസരിച്ചു ബന്ദിയാക്കപ്പെട്ട വിവരം സുഹൃത്തിനോടു വിളിച്ചു പറഞ്ഞു. പിന്നീടു കൈകള്‍ ബന്ധിച്ചു നിലത്തിട്ടു. ഇതിനിടെ നാജ്മി കാല് വിരല്‍ ഉപയോഗിച്ചു ഫോണില്‍ ലൊക്കേഷന്‍ സുഹൃത്തിന് അയച്ചുകൊടുത്തു. സുഹൃത്തുക്കള്‍ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി ബിനുവിനെ പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണു നാജ്മിയെ മോചിപ്പിച്ചു ബിനുവിനെ പിടികൂടിയത്. പ്രതിയെ മുന്‍പരിചയമില്ലെന്നും നാജ്മി പറഞ്ഞു. രാത്രി പൊലീസ് എത്തുമ്പോള്‍ കയ്യും മുഖവും കെട്ടിയ നിലയിലായിരുന്നു നാജ്മി. എന്തിനുവേണ്ടിയാണു തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമല്ല. താമരശ്ശേരി ഇന്‍സ്പെക്ടര്‍ ഒ.പ്രദീപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.