KeralaNEWS

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം: പ്രതിഷേധം ഹൈസ്പീഡില്‍, ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്ര് പരിഷ്‌കരണം ആദ്യ ദിവസം തന്നെ അലങ്കോലമായി. ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ട്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് കരിദിനം ആചരിച്ചു. ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.

വിഷയത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കെ ഇന്നലെ സംസ്ഥാനത്തെ 86 ഡ്രൈവിംഗ് ടെസ്റ്ര് ഗ്രൗണ്ടുകളും നിശ്ചലമായി. വരുംദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുമെന്നാണ് സമരസമിതി അറിയിച്ചിട്ടുള്ളത്.

ഹൈക്കോടതി വിധി അനുകൂലമല്ലെങ്കില്‍ മേയ് 15ന് സെക്രട്ടേറിയറ്റ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. പ്രസാദ് പറഞ്ഞു.

ഒരു കേന്ദ്രത്തിലും സ്‌ളോട്ട് ലഭിച്ചവര്‍ക്ക് ടെസ്റ്റ് നടന്നില്ല. തിരുവനന്തപുരം മുട്ടത്തറയില്‍ 60 പേര്‍ക്ക് ടെസ്റ്റിന് സമയം നല്‍കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ആരുമെത്തിയില്ല. കൊല്ലം ആശ്രാമം മൈതാനത്ത് 34 പേര്‍ക്കാണ് സ്ലോട്ട് ഉണ്ടായിരുന്നത്. ആരുമെത്തിയില്ല. കായംകുളത്ത് ടെസ്റ്റിനെത്തിയ 24 പേരെയും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഗ്രൗണ്ടിലിറങ്ങാന്‍ അനുവദിച്ചില്ല. കൊച്ചി,? ആലപ്പുഴ എന്നിവിടങ്ങളിലും ബഹിഷ്‌കരണം നടന്നു.

കോഴിക്കോട് കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം. ഇവിടെയും സ്‌ളോട്ട് കിട്ടിയവര്‍ എത്തിയില്ല.

മലപ്പുറത്ത് പ്രതിഷേധക്കാര്‍ ടെസ്റ്രിംഗ് ഗ്രൗണ്ട് അടച്ചുപൂട്ടി. തലശ്ശേരിയില്‍ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റേതായിരുന്നു പ്രതിഷേധം. കാസര്‍കോഡ് ടെസ്റ്രുകള്‍ അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ചു.

അതേസമയം, പ്രതിദിനം 60 പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സര്‍ക്കുലര്‍ ഇറക്കാത്തതില്‍ ആര്‍.ടി.ഒമാര്‍ക്കിടയിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വിവാദ സര്‍ക്കുലര്‍ നിലനില്‍ക്കെ വാക്കാല്‍ മാത്രമാണ് മന്ത്രി ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും ഉത്തരവായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ നിര്‍ദ്ദേശം പാലിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

 

Back to top button
error: