CrimeNEWS

കടംകയറി മുടിഞ്ഞു, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഡോക്ടര്‍ ജീവനൊടുക്കി

വിജയവാഡ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഡോക്ടര്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡ ഗുരുനാനാക്ക് കോളനിയില്‍ താമസിക്കുന്ന ഡോ. ഡി. ശ്രീനിവാസ്(40) ആണ് ഭാര്യയെയും രണ്ട് മക്കളെയും അമ്മയെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

വീട്ടിലേക്കുള്ള പ്രധാന വാതിലിന് സമീപത്തായാണ് ശ്രീനിവാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഉഷറാണി(36) മക്കളായ സൈലജ(9) ശ്രിഹാന്‍(6) അമ്മ രമണമ്മ(65) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലായിരുന്നു. നാലുപേരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ശ്രീനിവാസ് തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കൂട്ടമരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

Signature-ad

ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ശ്രീനിവാസിനെ തൂങ്ങിമരിച്ചനിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തി പോലീസ് നടത്തിയ പരിശോധനയില്‍ ചോരയില്‍ കുളിച്ചനിലയില്‍ മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീട്ടില്‍നിന്ന് ശ്രീനിവാസിന്റെ ആത്മഹത്യാക്കുറിപ്പും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് മുമ്പ് സ്വന്തം കാറിന്റെ താക്കോല്‍ ശ്രീനിവാസ് അയല്‍ക്കാരന്റെ വീട്ടിലെ പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചിരുന്നു. കാറിന്റെ താക്കോല്‍ സഹോദരന് കൈമാറണമെന്ന് കുറിപ്പും ഇതിനൊപ്പം കണ്ടെടുത്തു.

ജീവനൊടുക്കുന്നതിന് മുമ്പ് ശ്രീനിവാസ് ഒരു ശബ്ദസന്ദേശം ഫോണില്‍ റെക്കോഡ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെല്ലാം ഡോക്ടര്‍ ഇതില്‍ വിശദീകരിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം.

എല്ലുരോഗ വിദഗ്ധനായ ശ്രീനിവാസ് നേരത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. പിന്നീട് ഇദ്ദേഹം സ്വന്തം ആശുപത്രി ആരംഭിച്ചു. വിവിധ ബാങ്കുകളില്‍നിന്നും സ്വകാര്യ പണമിടപാടുകാരില്‍നിന്നും വായ്പയെടുത്താണ് ശ്രീനിവാസ് സ്വന്തമായി ആശുപത്രി തുടങ്ങിയത്. പക്ഷേ, ആശുപത്രി നഷ്ടത്തിലായതോടെ ഡോക്ടര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായി. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ അടുത്തിടെ ആശുപത്രി മറ്റൊരാള്‍ക്ക് കൈമാറി. ആശുപത്രി കൈമാറിയെങ്കിലും ഡോക്ടറുടെ സാമ്പത്തികബാധ്യത മുഴുവനായി തീര്‍ക്കാനായില്ല. മാത്രമല്ല, സ്വന്തമായി സ്ഥാപിച്ച ആശുപത്രി മറ്റൊരാള്‍ക്ക് കൈമാറിയശേഷവും ശ്രീനിവാസ് ഇവിടെത്തന്നെയാണ് ജോലിചെയ്തിരുന്നത്. ഇത് ഡോക്ടര്‍ക്ക് വലിയ മനോവിഷമത്തിന് കാരണമായെന്നും പോലീസ് പറഞ്ഞു. ഡോ. ശ്രീനിവാസിന്റെ പിതാവ് റിട്ട. ഡിവൈ.എസ്.പി.യാണ്. സഹോദരന്‍ ദുര്‍ഗാ പ്രസാദ് ഹൈദരാബാദിലെ ജഡ്ജിയാണ്.

 

Back to top button
error: