KeralaNEWS

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി എ ആളൂര്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. നേരത്തെയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനില്‍ക്കില്ലെന്നും അഡ്വ. ബി എ ആളൂര്‍ വാദിച്ചു. കേസില്‍ എസ്സി, എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ആളൂര്‍ വാദിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്ന് ആളൂര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

Signature-ad

പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷനായിരിക്കണം, ചിലരുണ്ട് കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റ തള്ള പോലും സഹിക്കില്ല തുടങ്ങി സത്യഭാമ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രാമകൃഷ്ണന്‍ പരാതി നല്‍കുകയായിരുന്നു. സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായിട്ടും ഇത് പിന്‍വലിക്കാന്‍ സത്യഭാമ തയാറായില്ല. തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.

 

Back to top button
error: