KeralaNEWS

ശോഭാ സുരേന്ദ്രൻ പൊട്ടിച്ച നുണ ബോമ്പ് 

ആലപ്പുഴ: തന്നെ വെല്ലാൻ കെ സുരേന്ദ്രനല്ല കേരളത്തിലെ മറ്റൊരു ബിജെപി നേതാവിനും ആകില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ശോഭാ സുരേന്ദ്രൻ.ആറ്റിങ്ങലിൽ നിന്നും ആലപ്പുഴയിലേക്ക് തന്നെ വലിച്ചിട്ട  സുരേന്ദ്രനെ വയനാടൻ മല കയറ്റിയ ചരിത്രമാണ് ശോഭയ്ക്കുള്ളത്.
എന്നാൽ ഇതൊന്നുമല്ലായിരുന്നു ശോഭാ സുരേന്ദ്രൻ.ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ശോഭാ സുരേന്ദ്രന്റെ ആ വെടിപൊട്ടിക്കൽ.

മുഖ്യമന്ത്രി പിണറായി വിജയനോളം തലപ്പൊക്കമുള്ള ഇ പി ജയരാജൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട സംഭവമായിരുന്നു അത്.  ദിവസങ്ങള്‍ക്കു മുൻപ് കൊളുത്തിവിട്ട തിരിയാണ് മുനിഞ്ഞുകത്തി ഇന്നലെ പൊട്ടിത്തെറിച്ചത്.അതും അതി നിർണായകമായ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് !

Signature-ad

സംഭവം ദല്ലാൾ നന്ദകുമാറിനോട് താൻ വാങ്ങിയ, ഇനിയും തിരിച്ചുകൊടുക്കാത്ത 10 ലക്ഷം രൂപയെ പ്രതിരോധിക്കാനായിരുന്നെങ്കിലും അത് സിപിഐഎമ്മിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.നന്ദകുമാറിന്റെ ആരോപണത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ തൽക്കാലം രക്ഷപെടുകയും ചെയ്തു.തെളിവ് വരെ നന്ദകുമാർ പുറത്ത് വിട്ടതോടെ ശോഭാ സുരേന്ദ്രന്റെ മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു.

തെളിവ് പുറത്തുവിട്ടതോടെ താൻ നന്ദകുമാറിൽ നിന്നും 10 ലക്ഷം വാങ്ങിയതായി ശോഭാ സുരേന്ദ്രൻ സമ്മതിക്കുക മാത്രമല്ല അത് വസ്തുകച്ചവടത്തിനു വേണ്ടിയായിരുന്നെന്ന മറ്റൊരു നുണ കൂടി അവർക്ക് പറയേണ്ടിയും വന്നു.എന്നാൽ വസ്തു കച്ചവടം നടക്കുകയോ വാങ്ങിയ 10 ലക്ഷം തിരിച്ചുകൊടുക്കുകയോ അവർ ഇനിയും ചെയ്തിട്ടില്ല.നന്ദകുമാർ ആരോപണം ഉയർത്തിയതോടെ ഇതും അവർക്ക് സമ്മതിക്കേണ്ടി വന്നു.

എന്നാൽ മാധ്യമങ്ങളിൽ ഉൾപ്പെടെ വന്ന ഈ‌ നാറ്റക്കഥകളുടെ മുനയൊടിക്കാൻ ഒരു നിമിഷം മതിയായിരുന്നു അവർക്ക്.അതായിരുന്നു ഇടതുമുന്നണി കണ്‍വീനർ കൂടിയായ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന വിവാദം.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനു ശേഷം പാർട്ടി സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തതില്‍ ഇ.പി ഖിന്നയിരുന്നുവെന്ന അഭ്യൂഹങ്ങളെ ചുറ്റിപ്പറ്റിയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിനു വേരോട്ടമുണ്ടായത്. താരതമ്യേന തന്നേക്കാള്‍ ജൂനിയറായ എം.വി. ഗോവിന്ദന്റെ വരവില്‍ ഇ.പിക്കുണ്ടായിരുന്ന അസ്വസ്ഥത അക്കാലത്ത് തന്നെ മാധ്യമങ്ങളില്‍ ദിവസങ്ങളോളം ചർ‌ച്ചാവിഷയമായിരുന്നു.

 ഇതിനിടെ ജയരാജനെ ന്യായീകരിച്ച് വിവാദ ദല്ലാള്‍ ടി.പി. നന്ദകുമാർ തന്നെ രംഗത്തെത്തി. ഇ.പി. ജയരാജനെ സമീപിച്ചത് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറാണെന്നും, അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് ജയരാജൻ വഴങ്ങിയില്ലെന്നുമായിരുന്നു ‘ദല്ലാളി’ന്റെ വെളിപ്പെടുത്തലുകളുടെ രത്നച്ചുരുക്കം. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ ലാവ്‍ലിൻ കേസടക്കമുള്ളവ പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്താൻ എല്‍ഡിഎഫിനെ സഹായിക്കാമെന്നും ജാവഡേക്കർ ഇ.പിയോടു പറഞ്ഞുവെങ്കിലും ജയരാജൻ അതിനു സമ്മതിച്ചില്ലെന്നും നന്ദകുമാർ പറയുന്നു.ജാവഡേക്കർ കേരളത്തിന്റെ പ്രഭാരിയായിരിക്കുമ്ബോഴാണ് തന്നെയും ജയരാജനെയും തിരുവനന്തപുരത്തു വന്നു കണ്ടത്.അതിപ്പോഴല്ല. ഇതിന്റെ വിശദാംശങ്ങളും നന്ദകുമാർ പുറത്തുവിട്ടു.

ഇതിനെല്ലാം ഒടുവിലാണ്, കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം വിളിച്ചുച്ചുചേർ‌ത്ത വാർത്താ സമ്മേളനത്തില്‍ ബിജെപിയില്‍ ചേരാൻ‌ തീരുമാനിച്ചിരുന്ന ‘പിണറായിയുടെ തലപ്പൊക്കമുള്ള കമ്യൂണിസ്റ്റ് നേതാവ്’ ഇ.പിയാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചത്. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ജയരാജൻ 90 ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായി ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി. പാർട്ടി ക്വട്ടേഷൻ ഭയന്നാണ് അദ്ദേഹം ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു.

ഇ.പി.ജയരാജന്റെ മകന്റെ നമ്ബറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്ബർ എന്ന് ജയരാജന്റെ മകൻ വാട്സ് ആപ്പിലൂടെ മെസേജ് അയച്ചു. ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്നു ജയരാജൻ പിന്മാറിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. ജയരാജൻ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തനിക്ക് ആഗ്രമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇത്രയും നാള്‍ വെളിപ്പെടുത്താതെയിരുന്നത്. ഡല്‍ഹിയില്‍ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയത്. ദല്ലാള്‍ നന്ദകുമാറാണ് തനിക്ക് ഡല്‍ഹിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നല്‍കിയത്. ബിജെപിയില്‍ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കള്‍ വന്നാലും അവരെ സ്വീകരിക്കും എന്നും അവർ പറഞ്ഞു.എന്നാൽ നന്ദകുമാർ ഇത് നിഷേധിക്കുക മാത്രമല്ല തിരുവനന്തപുരത്തായിരുന്നു ആ കൂടിക്കാഴ്ചയെന്നും ഇപിയുടെ മകന്റെ ഫ്ലാറ്റിൽ ജാവഡേക്കർ ചെല്ലുകയായിരുന്നുവെന്നും പറഞ്ഞു.പിന്നീടാണ് ജയരാജനെ ഇവിടേക്ക് വിളിച്ചു വരുത്തിയത്.ജാവഡേക്കറിന്റെ ആവശ്യങ്ങളോട് ആദ്യം മുതൽ തന്നെ ‘നോ’ ആയിരുന്നു ഇപിയുടെ മറുപടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് താൻ. ബിജെപിയില്‍ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ എട്ടു സംസ്ഥാനങ്ങളുടെ ചുമതലയുള്ള തനിക്ക് കേന്ദ്ര കമ്മിറ്റി അധികാരം നല്‍കിയിട്ടുണ്ടെന്നും ശോഭ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്തായാലും നാറ്റക്കഥകളിൽ നിന്നും രക്ഷപെട്ടത് ശോഭാ സുരേന്ദ്രനാണെങ്കിലും സംഭവത്തിൽ പ്രതിരോധത്തിലായത് സിപിഐഎമ്മാണ്. ഈ ലോക സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച്‌, അവരുടെ ദേശീയ പാര്‍ട്ടി അംഗീകാരത്തിനും നിര്‍ണ്ണായകമാണ്. ഇക്കാര്യം പാര്‍ട്ടി ഗൗരവമായി എടുത്തതിനാലാണ്, പൊന്നാനിയിലെ മുന്‍ ലീഗ് സെക്രട്ടറിയായ സ്ഥാനാര്‍ത്ഥിക്ക് പോലും, മാനദണ്ഡങ്ങള്‍ തെറ്റിച്ച്‌ പാര്‍ട്ടി ചിഹ്നം അനുവദിച്ചിരുന്നത്. സിറ്റിംഗ് എം.എല്‍.എ മാരെ ഉള്‍പ്പെടെ സി.പി.എം രംഗത്തിറക്കിയതും, ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍, ലോകസഭ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമായതിനാലാണ്.അതിനിടയ്ക്കായിരുന്നു ഇപി വിവാദം.

സംസ്ഥാനത്തെ ഇടതുപക്ഷ മുന്നണിയെ നയിക്കേണ്ട കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ ബി.ജെ.പി നേതാവുമായി ചര്‍ച്ച നടത്തിയതായ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടതോടെ ചാനല്‍ ചര്‍ച്ചകളില്‍ രാവിലെ മുതല്‍ ബ്രേക്കിങ് ന്യൂസും ഇതു മാത്രമായിരുന്നു. യു.ഡി.എഫ് – ബി.ജെ.പി പാര്‍ട്ടി പ്രവര്‍ത്തകരും ഈ വാര്‍ത്ത ശരിക്കും ആഘോഷിക്കുകയും ചെയ്തു. ന്യൂനപക്ഷ വോട്ടര്‍മാരില്‍ ഇപി ബി.ജെ.പിയിലേക്ക് പോകുകയാണെന്ന തരത്തിലുള്ള പ്രചരണമാണ് ലീഗ് – കോണ്‍ഗ്രസ്സ് അണികള്‍ അഴിച്ചു വിട്ടിരുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കുന്ന നീക്കമായാണ് ഒടുവില്‍ ഈ പ്രചരണം മാറിയിരുന്നത്. മുഖ്യമന്ത്രി കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞത് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ പരമാവധി ഇടതു പ്രവര്‍ത്തകര്‍ ശ്രമിച്ചതും ഈ തിരഞ്ഞെടുപ്പ് ദിവസത്തെ കാഴ്ചകളാണ്.

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ഇപി തന്നെ വ്യക്തമാക്കിയതോടെ, ദല്ലാള്‍ നന്ദകുമാറും ശോഭ സുരേന്ദ്രനും പറഞ്ഞതാണ് ശരിയെന്ന പ്രതീതിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. അതാണ് യു.ഡി.എഫ് കേന്ദ്രങ്ങളും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പാർലമെൻ്റിലെ പൊതുയിടത്ത് എൻ.കെ പ്രേമചന്ദ്രൻ ഉള്‍പ്പെടെയുള്ള ഏതാനും എം പിമാർക്ക് ഭക്ഷണം നല്‍കിയതിനെ കൂടിക്കാഴ്ചയായി ചിത്രീകരിച്ച സി.പി.എം നേതൃത്വത്തിന് ഇ.പി – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയില്‍ എന്തു മറുപടിയാണ് പറയാനുള്ളത് എന്ന് യു.ഡി.എഫ് ചോദിക്കുമ്ബോള്‍ മറുപടി പറയാനില്ലാതെ തലകുനിക്കേണ്ട അവസ്ഥയാണ് സി.പി.എം പ്രവർത്തകർക്കും നേതാക്കള്‍ക്കുമുള്ളത്.

ജയരാജന്‍ ബിജെപിയില്‍ ചേരുന്നതിനുള്ള 90 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായിരുന്നുവെന്നും, പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജന്‍ പറയട്ടെയെന്നുമാണ്’ ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ഇപിയുമായുള്ള കൂടിക്കാഴ്ചയില്‍ ‘തൃശൂരില്‍ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണം എന്ന് ജാവദേക്കര്‍ പറഞ്ഞതായും, പകരം ലാവലിന്‍ കേസിലും സ്വര്‍ണ്ണക്കടത്തു കേസിലും തുടര്‍ നടപടികള്‍ ഉണ്ടാകില്ലന്ന ഉറപ്പാണ് ജാവദേക്കര്‍ നല്‍കിയതെന്നുമാണ്’ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നത്.ഇതിലെ യാഥാര്‍ത്ഥ്യം എന്തു തന്നെ ആയാലും തിരുവനന്തപുരത്ത് ആക്കുളത്തുള്ള മകന്റെ ഫ്ലാറ്റില്‍ വച്ച്‌ ദല്ലാള്‍ നന്ദകുമാറുമൊത്തു ജാവദേക്കറെ കണ്ടതായി ഇപി ജയരാജന്‍ തന്നെ പരസ്യമായി സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്.

‘ഞാന്‍ എവിടെയാണ് ഉള്ളതെന്ന് ഒരാള്‍ മകനോട് ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ കയറിവരികയാണ് ഉണ്ടായതെന്നാണ് ജയരാജന്‍ പറയുന്നത്. വീട്ടില്‍ കയറി വന്നപ്പോള്‍ ഇറങ്ങി പോകാന്‍ പറ്റില്ലല്ലോ’ എന്നും ജയരാജന്‍ ചോദിക്കുകയുണ്ടായി.ജയരാജന്റെ ഈ ന്യായീകരണം സി.പി.എം അനുഭാവികള്‍ പോലും വിശ്വസിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. തൃശൂര്‍ രാമനിലയത്തില്‍ പിണറായിയോളം തലപ്പൊക്കമുള്ള സി.പി.എം നേതാവ് തന്നെ വന്നു കണ്ടു എന്ന ശോഭാ സുരേന്ദ്രന്റെ വാക്കുകളും ഇപി ജയരാജന്റെ വെളിപ്പെടുത്തലും കൂടിയാണ് അവര്‍ ചേര്‍ത്തുവായിക്കുന്നത്. ഇപി ജയരാജന്‍ പാര്‍ട്ടിയെ ചതിച്ചു എന്ന വികാരമാണ് സി.പി.എം അണികള്‍ക്കിടയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത് ഏത് രൂപത്തില്‍ പ്രതിഫലിക്കും എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

 

ഇപിയുടെ മകനുമായി ജനുവരി 18 ന് എറണാകുളം റെനിയസ്സന്‍സ് (Reniassance) ഹോട്ടലില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തലും എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി മാറിയിട്ടുണ്ട്.

‘ഇന്നത്തെ കോണ്‍ഗ്രസ്സാണ് നാളത്തെ ബി.ജെ.പി’ എന്ന് വ്യാപകമായി പ്രചരണം നടത്തിയ ഇടതുപക്ഷത്തെ ഒറ്റയടിക്ക് പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലും അതിന്റെ സ്ഥിരീകരണവുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Back to top button
error: