ഒരു വ്യാഴവട്ടം… 12 വർഷം കൂടിയാണ് ആ അമ്മ സ്വന്തം മകളെ കാണത്. അതും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിൽ കഴിയുന്ന സന്ദർഭത്തിൽ.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് യെമനിലെ സൻആ ജയിലിൽ വെച്ച് നിമിഷപ്രിയയെ അമ്മ പ്രേമകുമാരി കണ്ടത്. വർഷങ്ങൾക്കുശേഷമുള്ള ആ കൂടിക്കാഴ്ച വികാരസാന്ദ്രമായിരുന്നു. നിമിഷപ്രിയ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു. സങ്കടങ്ങൾ കണ്ണീരായി പൊട്ടി ഒഴുകി. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ജയിൽ അധികൃതർ അനുവാദം നൽകിയതോടെ പുറത്തുനിന്നും വാങ്ങിയ ഭക്ഷണം പ്രേമകുമാരിയും നിമിഷപ്രിയയും ഒരുമിച്ചിരുന്ന് കഴിച്ചു. ജയിൽ അധികൃതരുടെ അനുവാദത്തോടെ ഇരുവരും ഏറെനേരം സംസാരിച്ചു.
സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നിമിഷ അമ്മയ്ക്കുപരിചയപ്പെടുത്തി.
ഇന്നലെ രാവിലെ 11മണിയോടെ റോഡുമാർഗം ഏദനിൽ നിന്നും സനയിലെത്തി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയാണ് നിമിഷപ്രിയയെ കണ്ടത്. ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.വൈകുന്നേരം അഞ്ചര വരെ അവർ മകൾക്കൊപ്പം തുടർന്നു.
ഒപ്പം വന്ന രണ്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമും അപ്പോൾ പുറത്ത് കാത്തുനിന്നു.
നിമിഷപ്രിയയുടെ മോചനം സംബന്ധിച്ചാണ് ഇനിയുള്ള നിർണായ ചർച്ചകൾ. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തെ അമ്മ പ്രേമകുമാരി കാണുന്നുണ്ട്. കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ. വൈകാതെ ഗോത്ര തലവന്മാരുമായും ചർച്ച നടത്തും. യെമനിൽ സ്വാധീനമുള്ള വ്യക്തികളെ പങ്കാളികളാക്കിയാണ് ചർച്ച നടത്തുക.
ശരിയത്ത് നിയമ പ്രകാരം ദയാധനം കൊല്ലപ്പെട്ടയാളുടെ കുടുംബം സ്വീകരിച്ചാൽ മാത്രമേ ശിക്ഷയിൽ ഇളവ് ലഭിക്കൂ. ആഭ്യന്തരയുദ്ധം നടക്കുന്നതിനാൽ യെമൻ ഭരണകൂടവുമായി ഇന്ത്യക്ക് നയതന്ത്രബന്ധമില്ല എന്നത് തിരിച്ചടിയാണ്.
യെമൻ സ്വദേശിയെ 2017 ജൂലൈ 25ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. വിചാരണക്കോടതി നടത്തിയ വിധി യെമൻ സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യം തള്ളുകയും ചെയ്തു.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചു എന്നതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
ക്രൂരമായ പീഡനത്തിന് ഇരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കി. ഇതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്.