IndiaNEWS

കാര്യം നിസ്സാരം, ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കൈ ശക്തമായി അമർത്തി; തർക്കമായി, യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

     നിസ്സാര കാര്യമാണ് ഗുരുതരമായ പ്രശ്നമായി പരിണമിച്ചത്. ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ ശക്തമായി അമർത്തി എന്നതാണ് കാര്യം. തർക്കമായി; തുടർന്ന് 28 വയസുകാരനായ ഒരു യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച കോയമ്പത്തൂരിനടുത്ത് കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്തിയ പെരിയനായ്ക്കംപാളയം സ്വദേശി അരുൾ പാണ്ടിയൻ ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അരുൾ കുമാറും വസന്തകുമാറും സാരമായ പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉത്തരാഖണ്ഡ് സ്വദേശിയും കോയമ്പത്തൂരിനടുത്ത് തുടിയല്ലൂരിൽ ഫർണിച്ചർ കട നടത്തുന്നയാളുമായ ഇന്ദ്രസിങ്ങും (48) കടയിലെ 5 ജീവനക്കാരും അറസ്റ്റിലായി.

കോത്തഗിരി വ്യൂ പോയിന്റിൽ വച്ച് ഇന്ദ്രസിങ്ങുമായി (48) അരുൾ പാണ്ടിയനും സുഹൃത്തുക്കളും പരിചയപ്പെട്ടു. അതിന്റെ ഭാഗമായി വസന്തകുമാറിനു കൈ കൊടുത്തപ്പോൾ ഇന്ദ്രസിങ്  കയ്യിൽ ബലമായി അമർത്തിയതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. വസന്തകുമാർ നിലവിളിച്ചതോടെ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇന്ദ്രസിങ്ങിനെ  അരുൾ പാണ്ടിയനും കൂട്ടുകാരും ചേർന്ന് തല്ലി.

ജീവനക്കാരുടെ മുന്നിൽ വച്ച് തല്ലുകൊണ്ടതോടെ ഇന്ദ്രസിങ് പകരം വീട്ടാൻ തീരുമാനിച്ചു. പിന്നീടു മേട്ടുപ്പാളയം മലമ്പാതയിൽ വച്ചു കാറിലെത്തിയ ഇന്ദ്രസിങ് വീണ്ടും വാക്കേറ്റമുണ്ടാക്കി. രണ്ടാമത്തെ ഹെയർപിൻ വളവിൽ എത്തിയപ്പോൾ കാർ അരുൾ പാണ്ടിയനും കൂട്ടുകാരും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിപ്പിക്കുകയും വീണു കിടന്ന അരുൾ പാണ്ടിയന്റെ തലയിലൂടെ കാർ കയറ്റുകയും ചെയ്തു.  ദൂരെ തെറിച്ചു വീണ മറ്റുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കാറുമായി കടന്നുകളഞ്ഞ ഇന്ദ്രസിങ്ങിനെയും സംഘത്തെയും ധർമപുരിയിൽ നിന്നാണു പൊലീസ് ചൊവ്വാഴ്ച പിടികൂടിയത്. 20 വർഷമായി കോയമ്പത്തൂരിൽ ഫർണിച്ചർ കട നടത്തുന്ന ഇന്ദ്രസിങ് 48 വയസ്സിലും തന്റെ കരുത്തു കാണിക്കാൻ ഷേക്ക് ഹാൻഡ് കൊടുക്കുന്നവരുടെ കൈ അമർത്തുക പതിവാണെന്ന് പൊലീസ് പറയുന്നു.

ഇന്ദ്രസിങ്ങിൻ്റെ കടയിലെ ജീവനക്കാരും ഉത്തരാഖണ്ഡ് സ്വദേശികളുമായ സുമൻ കുമാർ മുന്ന (29), മോഹൻകുമാർ ശർമ (29), മുഹമ്മദ് റിസ്വാൻ അഹമ്മദ് (27), മുഹമ്മദ് കലിൻ (26) എന്നിവരോടൊപ്പം ഒരു 17 വയസ്സുകാരനും മേട്ടുപ്പാളയം പൊലീസിന്റെ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: