KeralaNEWS

തൃശൂരില്‍ ബിജെപിക്ക് പ്രതീക്ഷ മങ്ങി;എല്ലാ സര്‍വെകളിലും പിന്നിലായി സുരേഷ് ഗോപി

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.2019ല്‍  സുരേഷ് ഗോപി ഒന്നരലക്ഷത്തോളം വോട്ടുകളുയര്‍ത്തിയ മണ്ഡലത്തില്‍ ഇത്തവണ ആഞ്ഞുപിടിച്ചാല്‍ ജയിക്കുമെന്നായിരുന്നു ബിജെപയുടെ കണക്കുകൂട്ടല്‍.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകള്‍ നടത്തിയ സര്‍വെകളിലെല്ലാം സുരേഷ് ഗോപി പിറകിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പോലും ഇക്കുറി നേടാന്‍ താരത്തിന് സാധക്കുമോയെന്ന് ചില സര്‍വെകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ മാറിയതും സംസ്ഥാനത്ത് നിലനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്.

അതിലുപരി സുരേഷ്‌ ഗോപി തന്നെ ഉണ്ടാക്കിയ വിവാദങ്ങളും ഇതിന് കാരണമായതായാണ് വിലയിരുത്തൽ.മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം മുതല്‍ സമീപകാലത്തുണ്ടായ പല വിവാദങ്ങളും സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് പരസ്യമായി ആക്രോശിച്ചതും മാതാവിന് സ്വര്‍ണം പൂശിയ ചെമ്ബ് കിരീടം നല്‍കിയെന്ന ആരോപണവും ബിജെപി വോട്ടര്‍മാരോട് കയര്‍ത്തു സംസാരിച്ചതുമെല്ലാം സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിയാന്‍ കാരണമായിട്ടുണ്ട്.

Signature-ad

ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ഇക്കുറി സുരേഷ് ഗോപിക്ക് ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തലുകള്‍. പ്രത്യേകിച്ചും ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായൊരു മണ്ഡലത്തില്‍ ഇതിനായി നടന്‍ നടത്തിയ ഇടപെടലുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയാണുണ്ടായത്. മണിപ്പൂരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങള്‍ മറക്കില്ലെന്നാണ് സഭ കഴിഞ്ഞ ദിവസം  വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം ചില വൈദികര്‍ വോട്ടു ചോദിക്കാനെത്തിയ സുരേഷ് ഗോപയോട് നേരിട്ട് പറയുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം തൃശൂരിലെത്തി പ്രചരണം നടത്തിയിട്ടും ബിജെപി അണികള്‍ക്കിടയില്‍ പോലും ആത്മവിശ്വാസമുണ്ടാക്കാനായില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ 2019ലെ ഓളമുണ്ടാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കുന്നില്ലെന്ന് അണികളും ചൂണ്ടിക്കാട്ടുന്നു.

നടനെന്ന നിലയിലുള്ള ഇമേജില്‍ ഒരുതവണ വോട്ടുനേടിയെങ്കിലും വീണ്ടുമതാവര്‍ത്തിക്കില്ലെന്ന് പറയുന്നവരുമുണ്ട്. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറത്ത് എല്ലാ ജനവിഭാഗങ്ങളുടേയും വോട്ടുകള്‍ നേടിയാല്‍ മാത്രമേ ഒരു അത്ഭുതവിജയം സുരേഷ് ഗോപി ഇനി പ്രതീക്ഷിക്കേണ്ടതുള്ളൂ.

 ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പോലും അത്തരമൊരു അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ടാകില്ല എന്നതാണ് വാസ്തവം.

Back to top button
error: