CrimeNEWS

”ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും”; സല്‍മാനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി

മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി.

വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുയാണ് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

ദീര്‍ഘനാളുകളായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്‍മാന് നേരേ വധഭീഷണി ഉയര്‍ത്തുകയാണ്. 1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്‌ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു സല്‍മാന്‍. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സല്‍മാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്‌റ എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവര്‍ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ബിഷ്‌ണോയികള്‍ ഇടപെടാറുണ്ട്.

 

Back to top button
error: