KeralaNEWS

‘മഞ്ഞുമല’ ബോയ്‌സ്! മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

കൊച്ചി: ഇറ്റലിയില്‍ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയന്‍ വ്യോമസേന രക്ഷിച്ചു. സമുദ്രനിരപ്പില്‍ നിന്നും 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിനു പോയ മലയാളി യുവാവാണ് അപകടത്തില്‍പ്പെട്ടത്. കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കോടനെ അത്ഭുതകരമായാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. റോമിനു സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്തായിരുന്നു അപകടം.

ട്രക്കിങ്ങിനിടെ അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേക്ക് വീണു. പിന്നാലെ ശരീരം മഞ്ഞില്‍ പുതഞ്ഞുപോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമം തുടങ്ങിയെങ്കിലും രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ വ്യോമസേനയുടെ രാത്രി പറക്കാന്‍ കഴിവുള്ള ഹെലികോപ്റ്റര്‍ സംഭവസ്ഥലത്തെത്തി. അതിശൈത്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നെങ്കിലും വ്യോമസേന ഉദ്യോഗസ്ഥര്‍ തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവരോടും അനൂപ് നന്ദി പറഞ്ഞു.

Back to top button
error: