FoodLIFE

ചക്കകൊണ്ട് പ്രഥമൻ ഉൾപ്പെടെ മൂന്ന് അടിപൊളി വിഭവങ്ങൾ 

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയമാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഇന്ന് ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.
ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം. ഈ കാരണങ്ങൾ കൊണ്ടാണ് ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വിളിക്കുന്നത്.

ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന ചില വിഭവങ്ങൾ നോക്കാം. ചക്ക അവിയലും ഇടിച്ചക്ക തോരനും പഴങ്ങൾ ചേർത്ത പച്ചടിയും ചക്ക പ്രഥമനും തുടങ്ങി അങ്ങനെ ധാരാളം വിഭവങ്ങൾ ചക്കകൊണ്ട് ഉപയോഗിക്കാം

ചക്ക അവിയൽ

Signature-ad

ചക്കയുടെ എല്ലാ ഭാഗങ്ങളും ചക്ക അവിയലിന് ഉപയോഗിക്കാം. 25 ചക്കച്ചുള, 25 ചക്കക്കുരു, മുള്ളു ചെത്തിക്കളഞ്ഞ ചക്ക മടൽ, അരക്കപ്പ് വീതം വെള്ളരിക്ക, പടവലങ്ങ , കാരറ്റ്, രണ്ടു മുരിങ്ങക്ക, അല്പം പച്ചമാങ്ങ, 5 പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞു വയ്ക്കുക.

ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളം തിളപ്പിച്ചു ചക്കക്കുരു, അരടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത്  അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചക്ക ഒഴികെയുള്ള പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചക്ക കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വീണ്ടും അഞ്ചു മിനിറ്റു കൂടി വേവിക്കുക.

ഒരു തേങ്ങ ചിരകി അതിലേക്ക് ഒരു ടീസ്പൂൺ ജീരകം, 5 അല്ലി ചുവന്നുള്ളി, ഒരു കതിർപ്പ് കറിവേപ്പില ഇവ ചേർത്ത് ചതച്ചെടുത്ത് അവിയലിലേക്ക് ചേർക്കുക. വീണ്ടും അടച്ച് അല്പസമയം വച്ചതിന് ശേഷം നന്നായി യോജിപ്പിച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് വാങ്ങുക.

ഇടിച്ചക്ക തോരൻ

ഇടിച്ചക്ക ചെറിയ കഷ്ണങ്ങളാക്കി ആവിയിൽ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് ചതച്ചെടുക്കുക. തേങ്ങ, രണ്ട് കതിർപ്പ് പച്ച കുരുമുളക്, ഒരു ടീസ്പൂൺ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇവ ചേർത്ത് ചതച്ചെടുക്കുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് ചതച്ച ചക്കയും അരക്കപ്പ് വേവിച്ച വൻപയറും തേങ്ങ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

 

ചക്ക പ്രഥമൻ

ഒരുകപ്പ് ചക്ക വരട്ടിയതിലേക്ക് ,അര കപ്പ് ശർക്കര പാനി, രണ്ട് കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാൽ ഇവ ചേർത്ത് തിളപ്പിക്കുക. നന്നായി യോജിച്ചു കുറുകിവരുമ്പോൾ അര ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ വീതം ചുക്കു പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക.

 

നന്നായി കുറുകി കഴിയുമ്പോൾ  മുക്കാൽ കപ്പ് ഒന്നാം തേങ്ങാപ്പാൽ ചേർത്ത്  തിളവരുമ്പോൾ തീ ഓഫ് ചെയ്യുക. അര ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കാൽ കപ്പ് വീതം അണ്ടിപ്പരിപ്പും , തേങ്ങാക്കൊത്തും ഇളം ബ്രൗൺ നിറത്തിൽ വറുത്ത് പായസത്തിൽ ഒഴിച്ചു കൊടുക്കുക.

Back to top button
error: