KeralaNEWS

പുറത്താക്കാന്‍ ലൈംഗികാരോപണവുമായി സാമൂഹികനീതിവകുപ്പ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭിന്നശേഷി കമ്മിഷണര്‍

കൊല്ലം: സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്.പഞ്ചാപകേശനെ പുറത്താക്കാന്‍ സാമൂഹികനീതിവകുപ്പ് അധികൃതര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യാജ ലൈംഗികാരോപണങ്ങളും. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷണര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കര്‍ക്കശനിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ കമ്മിഷണര്‍, വകുപ്പ് അധികൃതര്‍ക്ക് അനഭിമതനാണിപ്പോള്‍. കഴിഞ്ഞ ജനുവരി ആറിന് കമ്മിഷണറുടെ മൂന്നുവര്‍ഷത്തെ സേവനകാലാവധി അവസാനിച്ചിരുന്നു. പുതിയ ആളെ നിയമിക്കണമെങ്കില്‍ 2023 ജൂലൈയില്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതായിരുന്നു. ഇതിനുള്ള നടപടികളെടുക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുതിയ കമ്മിഷണറെ നിയമിക്കാനുള്ള നടപടികള്‍ തുടരുകയാണ് വകുപ്പ്. ഇതിനെതിരേ കമ്മിഷണര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സാമൂഹികനീതിവകുപ്പ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വ്യാജ ലൈംഗികാരോപണം ഉള്‍പ്പെടുത്തിയത്.

Signature-ad

സാമൂഹികനീതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഈ കേസില്‍ രണ്ടാം എതിര്‍കക്ഷിയാണ്. ചികിത്സയിലായിരുന്ന കമ്മിഷണറെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിക്കാനും ശ്രമം നടത്തി. അനധികൃതമായി നിയമനം നേടിയ ഭിന്നശേഷിക്കാരിയായ ആയുര്‍വേദവകുപ്പ് ജീവനക്കാരിയെയും കമ്മിഷണറേറ്റിലെ ജീവനക്കാരിയെയും കമ്മിഷണറുടെ ഇടപെടല്‍മൂലം പുറത്താക്കിയിരുന്നു. ഇവര്‍ നല്‍കിയ പരാതികളിലാണ് നിയമപരമായി നിലനില്‍ക്കാത്ത ലൈംഗികാരോപണംകൂടി ഉള്‍പ്പെടുത്തിയത്.

പരാതിക്കാര്‍ കമ്മിഷണര്‍ക്കെതിരേ ഇത്തരമൊരു ആരോപണം ഉന്നയിക്കുകയോ മൊഴിനല്‍കുകയോ ചെയ്തിട്ടില്ല. ഇതിനെതിരേ, സാമൂഹികനീതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍ എന്നിവരില്‍നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്മിഷണര്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

Back to top button
error: