ന്യൂഡല്‍ഹി: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ഡല്‍ഹി എഎപി നീങ്ങുന്നത്. മന്ത്രിയുടെ രാജിയും കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ പുറത്താക്കലും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ ഫയലുകള്‍ നോക്കാന്‍ അനുമതിയില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ രാജിയും വിഭവ് കുമാറിനെ പുറത്താക്കലും ആം ആദ്മി പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. പഴ്‌സണല്‍ സ്റ്റാഫ് വിഭവ് കുമാറിനെ നീക്കിയതിലൂടെ ജയിലില്‍ നിന്നുള്ള ആശയവിനിമയത്തിന് തടയിടുകയാണ് ഇഡി ലക്ഷ്യം. ഫയലുകള്‍ നോക്കാന്‍ കഴിയാത്തതിനാല്‍ മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജി വെച്ചതില്‍ വകുപ്പുകള്‍ ഇനി ആര്‍ക്ക് നല്‍കുമെന്നതും ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍, മുഖ്യമന്ത്രിയുടെ ഓഫിസീന് സാധിച്ചിട്ടില്ല.
വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വര്‍ധിപ്പിക്കുകയാണ്. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിയിരുന്നു. രാജ്കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്ക ആം ആദ്മി ക്യാമ്പിലുണ്ട്. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം കൂടുതല്‍ ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.