കൊല്ലം: വീട്ടുവളപ്പില്‍ വലിഞ്ഞുകയറിയെത്തിയ തെരുവുനായയ്ക്കു അഭയം നല്‍കി വെട്ടിലായി വയോധികന്‍. പെറ്റുപെരുകിയ നായ്ക്കൂട്ടത്തെ ഭയന്ന് സ്വന്തം വീടിനുള്ളില്‍ സ്വസ്ഥമായി ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തങ്കശ്ശേരി പുന്നത്തല ചെറുകുഴം സ്വദേശിയായ 76 വയസ്സുകാരന്‍ വാത്സ്യായനന്‍.
മട്ടുപ്പാവില്‍ വാസമുറപ്പിച്ച അഞ്ചു വലിയ നായ്ക്കളും വീട്ടിനുള്ളില്‍ സ്ഥിരംവാസം നടത്തുന്ന നായ്ക്കുട്ടിയുമാണ് വാത്സ്യായനനെ വട്ടംചുറ്റിക്കുന്നത്. മാസങ്ങള്‍ക്കുമുന്‍പ് വീട്ടിലെത്തിയ നായയോട് അനുകമ്പ തോന്നിയ ഇദ്ദേഹം നായയ്ക്ക് ഭക്ഷണവും അഭയവും നല്‍കി. കോളര്‍ ധരിച്ചനിലയിലാണ് നായയെ കണ്ടെത്തിയത്. ഉടമയ്ക്കായി പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വീടിന്റെ മട്ടുപ്പാവില്‍ വാസമുറപ്പിച്ച നായ അഞ്ചു കുട്ടികളെ പ്രസവിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പലതവണയായി ഉണ്ടായ പതിനഞ്ചോളം നായ്ക്കുട്ടികള്‍ ഇദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ പിടിമുറുക്കി. ഇവയില്‍ ഭൂരിഭാഗവും ചത്തുപോയെങ്കിലും പുതിയവ വന്നുകൊണ്ടിരുന്നു.
നായ്ക്കൂട്ടം സൈ്വര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നെന്നു കാട്ടി വാത്സ്യായനന്‍ പരാതി നല്‍കിയതോടെ കോര്‍പ്പറേഷന്‍ അധികൃതരെത്തി വീട്ടിലുണ്ടായിരുന്ന അഞ്ചു നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയിരുന്നു. ഇവയില്‍ നാലെണ്ണം പിന്നീട് ചത്തുപോയെങ്കിലും അവശേഷിച്ച ഒരെണ്ണം അഞ്ചു കുട്ടികളെക്കൂടി ‘സമ്മാനിച്ചു’. ഈ നായ്ക്കളാണ് ഇപ്പോള്‍ വാത്സ്യായനെ വട്ടംചുറ്റിക്കുന്നത്. നായ്ക്കളെ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെ തേടി സന്നദ്ധസംഘടനകളെ സമീപിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. നായ്ക്കളെ മറ്റെവിടേക്കെങ്കിലും മാറ്റി, തനിക്ക് മനഃസമാധാനം ഉറപ്പാക്കണമെന്നാണ് വാത്സ്യായനന്റെ അഭ്യര്‍ഥന. കോര്‍പ്പറേഷന്‍ അധികൃതരും കളക്ടറും തന്റെ പരാതികള്‍ അവഗണിച്ചെന്നും ഇദ്ദേഹത്തിന് ആക്ഷേപമുണ്ട്.
എന്നാല്‍, സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. നായ്ക്കളെ സംരക്ഷിക്കാനുള്ള സൗകര്യങ്ങളില്ലാത്തതിനാലും വഴിയോരത്ത് ഉപേക്ഷിക്കാന്‍ സാധിക്കാത്തതിനാലുമാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കുശേഷം നായ്ക്കളെ വാത്സ്യായനന്റെ വീട്ടില്‍ തിരിച്ചെത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.