അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതോടെ മരുന്നുകളുടെ ഗുണനിലവാരത്തിലും ആശങ്ക. വിവിധ ജില്ലകളില്‍ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. മരുന്നുകള്‍ ഉയര്‍ന്ന ചൂടില്‍ സൂക്ഷിക്കുന്നത് അവയുടെ കാലാവധിയേയും ഗുണനിലവാരത്തെയും സാരമായി ബാധിക്കും.
മരുന്നുകള്‍ ഏത് താപനിലയില്‍ സൂക്ഷിക്കണമെന്നുള്ളത് അവയുടെ പായ്ക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വ്യത്യാസം സംഭവിക്കുമ്പോള്‍ രാസമാറ്റമുണ്ടാകുകയും ഗുണനിലവാരം നഷ്ടമാകുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ക്യാപ്‌സൂളുകള്‍, പൗഡറുകള്‍, ക്രീമുകള്‍, ഓയില്‍മെന്റുകള്‍, ഗുളികകള്‍, ഇന്‍ജെക്ഷനുകള്‍ ഉള്‍പ്പെടെയുള്ളവ ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ കേടാവും. ഒട്ടുമിക്ക മരുന്നുകളും എട്ടു മുതല്‍ 30ഡിഗ്രിയിലാണ് സൂക്ഷിക്കേണ്ടത്. ചിലമരുന്നുകള്‍ രണ്ടുമുതല്‍ എട്ടുഡിഗ്രിയിലും. ഇവ പൊതുവെ ഫ്രീസറിലാണ് സൂക്ഷിക്കുക. മറ്റു മരുന്നുകള്‍ നേരിട്ട് ചൂട് ഏല്‍ക്കാത്ത രീതിയിലാണ് സൂക്ഷിക്കേണ്ടത്.
അതേസമയം, മരുന്നുകള്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ മിക്ക മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പാലിക്കാറില്ല. കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.
@വേണം കരുതല്‍
1. മെഡിക്കല്‍ ഷോപ്പുകളും സ്റ്റോറുകളിലും മരുന്നുകള്‍ എയര്‍കണ്ടീഷന്‍ ചെയ്ത് സൂക്ഷിക്കുക
2. ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ നിര്‍ബന്ധമായും ഫ്രിഡ്ജില്‍ സൂക്ഷിക്കുക
3. ഒരു നിലയുള്ള കെട്ടിടങ്ങളില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഫാള്‍സ് സീലിംഗ് ചെയ്യുക
4. വീടുകളിലും കാറുകളിലും മറ്റും മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍ ചൂട് നേരിട്ടേല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
5. മരുന്നിലെ നിറം മാറ്റം, മണത്തില്‍ വ്യത്യാസം, ഗുളികയില്‍ പൊട്ടല്‍, കൂടുതല്‍ മൃദുവാകുകയോ കട്ടി കൂടുകയോ ചെയ്യുക എന്നിവ കണ്ടാല്‍ അവ ഉപയോഗിക്കാതിരിക്കുക
അന്തരീക്ഷ താപനില ഉയരുന്നത് മരുന്നുകളുടെ ഘടനയെത്തന്നെ മാറ്റുന്നതിനാല്‍ അവ ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കണം. ഇവ ശരിയായ രീതിയിലാണോ സൂക്ഷിച്ചിരിക്കുന്നത് എന്നറിയാന്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്.