IndiaNEWS

അഴിമതിയുടെ തെളിവുകള്‍ അപഹരിച്ചു; ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കോടതി നിര്‍ദേശപ്രകാരം കേസ്

ഡെഹ്‌റാഡൂണ്‍: കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ വൈ.വി.വി.ജെ രാജശേഖറിനുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഉത്തരാഖണ്ഡ് അല്‍മോര നഗരത്തിലുള്ള കോടതിയാണ് ഉത്തരവിട്ടത്.

പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ പരാതി പരിഗണിക്കവേയാണ് അധികാരികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും റവന്യൂ പോലീസിനോട് കോടതി ഉത്തരവിട്ടത്.

Signature-ad

ദാദാകട ഗ്രാമത്തില്‍ പ്ലസന്റ് വാലി ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂളിലേക്ക് അധികാരികള്‍ നാല് പേരെ അയച്ചെന്നും അവര്‍ സന്നദ്ധ സംഘടന (എന്‍.ജി.ഒ) യുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് ചേമ്പര്‍ തകര്‍ത്തെന്നുമാണ് പ്ലസന്റ് വാലി ഫൗണ്ടേഷന്‍ ആരോപിക്കുന്നത്. പിന്നാലെ ഇവര്‍ അഴിമതി നടത്തിയതിന്റെ തെളിവുകളടങ്ങിയ ഫയലുകളും രേഖകളും പെന്‍ ഡ്രൈവുകളും കൊണ്ടുപോയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

വിജിലന്‍സിലും മറ്റു അന്വേഷണ ഏജന്‍സികള്‍ക്കും കൊടുത്ത പരാതികള്‍ പിന്‍വലിക്കണമെന്ന് പറഞ്ഞ് എന്‍.ജി.ഒ അധികൃതരെ ഭീഷണിപ്പെടുത്തി. നേരത്തേ എഴുതി തയ്യാറാക്കി കൊണ്ടുവന്ന രേഖകളില്‍ പരാതിക്കാരനെ നിര്‍ബന്ധിച്ച് ഒപ്പിടാന്‍ ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ ഡ്രോയറിലുണ്ടായിരുന്ന അറുപത്തിമൂന്നായിരം രൂപ മോഷ്ടിച്ചെന്നും പരാതിക്കാരന്‍ പറയുന്നു.

ഉത്തരവിനെ തുടര്‍ന്ന് ഗോവിന്ദ്പുര്‍ റവന്യൂ പോലീസ് സബ് ഇന്‍സ്പെക്ടറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 392, 447, 120ബി, 504, 506 വകുപ്പുകളും എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Back to top button
error: