മലയാളത്തിന്റെയും മോഹന്‍ലാലിന്റെയും മികച്ച സിനിമകളില്‍ ഒന്നാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1989ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. 1993ല്‍ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളിലും പകരം വയ്ക്കാനാവാത്ത പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വച്ചത്.
എന്നാല്‍ കിരീടത്തില്‍ മോഹന്‍ലാല്‍ ഗംഭീര പ്രകടനമായിരുന്നുവെന്നും എന്നാല്‍ അതിന് മുകളിലേക്ക് പോയത് ചെങ്കോലിലെ പ്രകടനമാണെന്നും സിബി മലയില്‍ പറയുന്നു. ചെങ്കോലിലേക്ക് വരുമ്പോഴുള്ള ഒരു നടന്റെ വളര്‍ച്ചയിലേക്ക് അതിഗംഭീരമായി മോഹന്‍ലാല്‍ വന്നെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോഹന്‍ലാല്‍ കിരീടത്തില്‍ അതിഗംഭീരമായി ചെയ്തിരുന്നു. അതിന്റെയും മുകളിലേക്ക് ചെങ്കോലിലെ കഥാപാത്രം വളരാന്‍ കാരണം ജീവിതാനുഭവങ്ങളാണ്. ഒരു നടന്റെ ആ ഒരു വളര്‍ച്ചയുണ്ട്. ഗംഭീരമായിട്ട് മോഹന്‍ലാല്‍ അതിലേക്ക് വന്നു. എനിക്ക് സത്യത്തില്‍ കിരീടത്തെക്കാള്‍ സെക്കന്റ് പാര്‍ട്ട് ഇഷ്ടമാണ്. ആദ്യ ഭാഗത്തിന് അതിന്റെതായ ഒരു ഭംഗിയുണ്ട്. എന്നാല്‍ രണ്ടാംഭാഗം എനിക്കും എഴുത്തുകാരനും അഭിനേതാവിനുമെല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു,’സിബി മലയില്‍ പറയുന്നു.
ചെങ്കോലില്‍ സേതുമാധവന്‍ ഒരുപാട് ദുരന്തങ്ങളിലൂടെ കടന്നുപോയ ആളാണെന്നും ഒരുപാട് ട്രോമയിലൂടെ കടന്നുപോയ ആളാണ് അയാളെന്നും സിബി മലയില്‍ പറയുന്നു. ‘ആദ്യത്തെ സിനിമയിലെ സേതുമാധവന്‍ ബോയ് നെക്സ്റ്റ് ഡോര്‍ എന്ന് പറയുന്ന പോലെ ഒരു സാധാരണക്കാരന്‍ ആയിരുന്നു. അയാള്‍ക്ക് ഒരു ഹിസ്റ്ററിയില്ല ബാക്ക്ഗ്രൗണ്ട് ഇല്ല. സാധാരണ ഒരു മിഡില്‍ ക്ലാസ്സ് ചെറുപ്പക്കാരനുമുണ്ടാവുന്ന ജീവിതാനുഭവങ്ങളുള്ള ഒരാളാണ് സേതു മാധവന്‍.
പക്ഷെ രണ്ടാം ഭാഗമായ ചെങ്കോലിലേക്ക് വരുമ്പോള്‍ ഏഴ് വര്‍ഷം കഴിഞ്ഞു ജയിലില്‍ നിന്ന് ഇറങ്ങുകയാണ് സേതുമാധവന്‍. അതുകൊണ്ട് തന്നെ അതിന്റെ ഒരു ട്രോമയിലൂടെയെല്ലാം അയാള്‍ കടന്ന് പോയിട്ടുണ്ടാവും. ജീവിതത്തിന്റെ എല്ലാ കറുത്ത ഡാര്‍ക്ക് സൈഡിലൂടെയും കടന്ന് പോയ ഒരാളാണ്. അത്രയും വലിയൊരു ദുരന്തത്തിലൂടെ കടന്ന് പോയ ഒരു മനുഷ്യനാണ്,’ സിബി കൂട്ടിച്ചേര്‍ത്തു.