ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ 5.60 കോടി രൂപ, മൂന്ന് കിലോ സ്വര്‍ണം, 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവ പിടിച്ചെടുത്തു. കര്‍ണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്.
5.6 കോടി രൂപ പണത്തിന് പുറമെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. 7.60 കോടി രൂപയുടെ വസ്തുക്കളാണ് മൊത്തത്തില്‍ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നിന്നാണ് വന്‍തോതില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഹവാല ബന്ധം സംശയിക്കുന്നതിനാല്‍ കര്‍ണാടക പൊലീസ് ആക്ടിലെ സെക്ഷന്‍ 98 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.