ന്യൂഡല്‍ഹി: കേന്ദ്രീയവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ പെണ്‍കുട്ടിസംവരണം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിര്‍ത്തി. 2024-25 അധ്യയനവര്‍ഷത്തെ പ്രവേശനനടപടികള്‍ ആരംഭിച്ചിരിക്കെയാണ് ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്ന് ഈ സംവരണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഒഴിവാക്കിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കെതിരേയുള്ള വിവേചനം, ഭ്രൂണഹത്യ തുടങ്ങിയവ തടയാനും അവര്‍ക്ക് മികച്ച വിദ്യാഭ്യാസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് അച്ഛനമ്മമാര്‍ക്ക് ആകെയുള്ള കുട്ടി പെണ്ണാണെങ്കില്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടത്. എന്നാല്‍, ഈ സംവരണം തുടരേണ്ടതില്ലെന്ന് കേന്ദ്രീയ വിദ്യാലയ സംഘടന്‍ പ്രാദേശിക ഓഫീസുകളിലേക്ക് നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രതികരിച്ചു.
പെണ്‍കുട്ടികള്‍ക്ക് ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം നിഷേധിക്കലാണിതെന്നും സംവരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ. രാജ്യസഭാംഗം ബിനോയ് വിശ്വം കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു. സംവരണം നിര്‍ത്തുന്നതിലൂടെ ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ എന്ന ആശയത്തിന് കേന്ദ്രം സ്വയം തുരങ്കംവെക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രീയ വിദ്യാലയങ്ങളിലെ എം.പി. ക്വാട്ട 2022 ഏപ്രിലില്‍ നിര്‍ത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കള്‍, ചെറുമക്കള്‍, എം.പി.മാരുടെ ചെറുമക്കള്‍, കേന്ദ്രീയ വിദ്യാലയങ്ങളിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കള്‍, ചെറുമക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ വിഭാഗങ്ങളില്‍ അനുവദിച്ച 100 സീറ്റും റദ്ദാക്കി.
ഇന്ത്യയിലുടനീളം 1200-ലധികം കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ മക്കള്‍ക്കായാണ് ഭൂരിഭാഗം സീറ്റുകളും മാറ്റിവെച്ചിരിക്കുന്നത്.