കാസര്‍ഗോഡ്: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയില്‍. മുളിയാര്‍ അര്‍ളടുക്കയിലെ ബിന്ദു (28) ആണ് മകള്‍ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയതിനു പിന്നാലെ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇവരുടെ മറ്റൊരു മകന്‍ സുരക്ഷിതനാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനെ അവശനിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭര്‍തൃവീട്. ഭര്‍തൃവീട്ടില്‍ നിന്നു 2 ദിവസം മുന്‍പാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. ഭര്‍ത്താവ് ശരത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. 6 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.