CrimeNEWS

പാനൂര്‍ സ്ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെ; മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി കെ. അതുല്‍, ചെണ്ടയാട് സ്വദേശി കെ.കെ അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും സ്ഫോടനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈവേലിക്കല്‍ സ്വദേശി സായൂജിനെയാണ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിന് ശേഷം ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്.

Signature-ad

ഇന്നലെ രാത്രിയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബോംബ് സ്ഫോടനം നടക്കുമ്പോള്‍ എട്ട് പേരാണ് മനോഹരന്റെ വീട്ടിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തില്‍ മരിച്ച ഷെറിനും ഗുരുതരമായി പരിക്കേറ്റ വിനീഷുമാണ് ടെറസിന് മുകളിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ താഴെയായിരുന്നു നിന്നിരുന്നത്.

അതേസമയം, പാനൂരിലെ ബോംബ് സ്‌ഫോടനം നാടന്‍ ബോംബ് നിര്‍മാണത്തിനിടെയെന്ന് പൊലീസ് വ്യക്തമാക്കി. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂര്‍ സ്വദേശി ഷെറിനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നുപേര്‍ ചികിത്സയില്‍ തുടരുകയാണ്.

പരിക്കേറ്റവരെല്ലാം സിപിഎം അനുഭാവികളാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം. നേതാവിന്റെ മകനാണ്. രണ്ടുപേര്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

 

Back to top button
error: