കോടഞ്ചേരി: മദ്യലഹരിയില്‍ ടൗണിൽ വെച്ച് രക്ഷിതാക്കള്‍ മറന്ന കുഞ്ഞിനെ പോലീസ് വീട്ടിലെത്തിച്ചു.
അർധരാത്രിയായതോടെ വിജനമായ ടൗണിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു.
തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യലഹരിയില്‍ വൈകുന്നേരം മുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു.കടത്തിണ്ണയിലിരുത്തിയ കുട്ടിയെ ഒപ്പം കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോകുകയായിരുന്നു.
ഇതിനിടെ, രാത്രി 11മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന കുഞ്ഞിനെ കാണുകയായിരുന്നു. ഉടൻ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു.
സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.