ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നോട്ടീസിനെതിരായ ഹരജിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. തെരഞ്ഞെടുപ്പ് കഴിയും വരെ കോണ്‍ഗ്രസില്‍ നിന്ന് 3,500 കോടിയുടെ നോട്ടീസില്‍ ആദായനികുതി കുടിശ്ശിക പിടിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ആദായനികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നു. 2020-21 , 2021-22 വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ നാല് നോട്ടീസുകള്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. 1,700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസിന് ആദായനികുതി നോട്ടീസ് അയച്ചിരുന്നു. രേഖകളുടെ പിന്‍ബലമില്ലാത്ത നോട്ടീസാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം, രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് ആദായനികുതി വകുപ്പ് നടത്തുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിച്ചിരുന്നു. 1076 കോടി അടക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോള്‍ വന്നു. 692 കോടി പലിശ മാത്രം അടക്കണം. ബി.ജെ.പിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയം ആണ്” -കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.