KeralaNEWS

സിപിഎമ്മിനെയും കുരുക്കാനൊരുങ്ങി ഇഡി; ‘രഹസ്യ’ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെ കുരുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിപിഎമ്മിന്റെ ‘രഹസ്യ’ അക്കൗണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറി. ധനമന്ത്രാലയത്തിലും ആര്‍ബിഐക്കും ഈ വിവരങ്ങള്‍ ഇഡി കൈമാറിയിട്ടുണ്ട്. സഹകരണ – ബാങ്ക് നിയമങ്ങള്‍ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണ് ഇഡി കണ്ടെത്തല്‍.

ഈ അക്കൗണ്ടുകളിലൂടെ ബെനാമി വായ്പകള്‍ക്കുള്ള പണം വിതരണം ചെയ്തെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുള്ളതായി ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇഡി അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസിന് ഭൂമി വാങ്ങാനും പാര്‍ട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണ് സിപിഎമ്മിന്റെ പേരില്‍ അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതെന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്.

Signature-ad

തൃശൂര്‍ ജില്ലയില്‍ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി 25 അക്കൗണ്ടുകളുണ്ടെന്ന് ഇഡി ആരോപിക്കുന്നു. 2023 മാര്‍ച്ച് 21ലെ ബാലന്‍സ് ഷീറ്റ് പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയുടെ ജില്ലാതല നേതാക്കളുടെ നിര്‍ദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരില്‍ അവരറിയാതെ വായ്പകള്‍ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുന്‍ മന്ത്രിയും സിപിഎം എംഎല്‍എയുമായ എസി മൊയ്തീന്റെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ ധാരാളം ബെനാമി വായ്പകള്‍ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂരില്‍ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നാലുപേര്‍ അറസ്റ്റിലായെന്നും ഇഡി വ്യക്തമാക്കി. ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത യഥാര്‍ത്ഥ രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുന്നതിനെതിരെ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി മൂന്നിന് പരിഗണിക്കാന്‍ മാറ്റിയിരുന്നു.

Back to top button
error: