തീയറ്ററുകളില്‍ കണ്ണീര് നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദര്‍ശനം തുടരുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ സിനിമയിലെ ഒരു സീനിനെ കുറിച്ചുള്ള ബെന്യാമിന്റെ വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. മരുഭൂമിയില്‍ വെച്ച് നജീബ് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം ഒഴിവാക്കിയെന്നാണ് ബെന്യാമിന് പറയുന്നത്.
നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിന് പറയുന്നു.
നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും. ഇതില്‍ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീന്‍ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു .അതുകൊണ്ട് ആ ഭാഗം സ്ക്രിപ്റ്റില്‍ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങള്‍ ഒഴിവാക്കി.
മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അത് ഞങ്ങള്‍ ഷൂട്ട് ചെയ്തതുമാണ്. പക്ഷേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൊടുത്തപ്പോള്‍ ആ സീന്‍ ഉണ്ടെങ്കില്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാന്‍ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെന്‍സര്‍ ബോര്‍ഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവര്‍ അത് വെട്ടിക്കളയാന്‍ പറഞ്ഞത്.