CrimeNEWS

ജയിലിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം; പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

കണ്ണൂര്‍: ജയിലിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മന്‍സിലില്‍ പി.കെ. അര്‍ഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ശ്രീജിത്തും സംഘവും പിടികൂടിയത്. കണ്ണൂര്‍ തോട്ടടയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അര്‍ഷാദ് പോലീസിന്റെ വലയിലായത്.

കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിലേക്കായിരുന്നു ലഹരി കടത്താന്‍ ശ്രമിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ അര്‍ഷാദ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ ലോഡ്ജില്‍ താമസിപ്പിച്ച് സ്വര്‍ണ്ണം തട്ടിയ കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കാന്‍ ശ്രമിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Back to top button
error: