പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിലെ കാര്‍ അപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം. ഒരു ഫോണ്‍കോള്‍ വന്ന ശേഷമാണ് ഹാഷിം വീട്ടില്‍ നിന്നിറങ്ങിയത്. ഉടന്‍ മടങ്ങിവരാമെന്നാണു വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത്. പിന്നീട് കേള്‍ക്കുന്നത് അപകടവാര്‍ത്തയാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്നും ഹക്കിം പറഞ്ഞു.
നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (36) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും സൗഹൃദം ബന്ധുക്കള്‍ അറിയുകയും കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. സ്കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
അനുജയും സംഘവും വന്ന വാഹനത്തിനു പിന്നാലെ ഹാഷിം കാറുമായെത്തി. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്പില് ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറില്‍ നിന്നും ഇറങ്ങിയ ഹാഷിം, അനുജ അടക്കമുള്ള അധ്യാപകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ആദ്യം ഹാഷിമിനൊപ്പം പോവാന്‍ അനുജ തയാറായില്ല. തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് മറ്റ് അധ്യാപകരോട് അനുജ പറഞ്ഞത്.
വിളിച്ചപ്പോള്‍ ഇറങ്ങിച്ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നാണ് അധ്യാപകര്‍ പൊലീസിന് നല്കിയ മൊഴി. ഇതോടെ അധ്യാപകരും ഇടപെടാന്‍ തുടങ്ങി. വിഷയം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തില്‍ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറില്‍ പോവുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. ബസില്‍ നിന്നിറങ്ങി കാറില്‍ കയറിയ അനുജയെ ഫോണില്‍ വിളിച്ചപ്പോള്‍ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകര്‍ പറയുന്നു.
സംഭവം അനുജയുടെ ഭര്‍ത്താവിനെയും പിതാവിനെയും അധ്യാപകര്‍ അറിയിച്ചു. അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കാനും അങ്ങോട്ടേക്ക് എത്താമെന്നും ഇരുവരും അധ്യാപകരോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പൊലീസ് സ്റ്റേഷന് വഴി അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. പിന്നീട് അറിയുന്നത് ഇരുവരുടെയും അപകട മരണവാര്‍ത്തയാണ്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗത്തിലെത്തിയ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഹാഷിം ഇടിച്ചുകയറ്റിയത്.