നസ്രാണികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നസ്രാണികള്‍ നോമ്പ് നോല്ക്കുന്നു.
കര്‍ത്താവ് നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന നസ്രാണികൾ നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം തെങ്ങിന് ശര്‍ക്കരയോ പണം ശര്‍ക്കരയോ ചേര്‍ക്കുന്നു.
കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്ക്കല് അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ാം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്.
ലാസറിനെ ഉയിർപ്പിച്ച കർത്താവിനെ സ്വീകരിക്കുവാൻ ലാസറിന്റെ സഹോദരിമാരിൽ ഒരുവളായ വിശുദ്ധ മാർത്ത തിടുക്കത്തിൽ മാവ് കുഴച്ചുണ്ടാക്കിയ മധുര പലഹാരത്തിന്റെ പ്രതീകമായി നാം കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷിക്കുന്നു. കേരളത്തിൽ കൊഴുക്കട്ട ശനി എന്നറിയപ്പെടുന്ന ഈ ദിവസം ലാസറിന്റെ ശനിയാഴ്ചയായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആചരിക്കുന്നു. വിശുദ്ധ വാരത്തിനു മുൻപ് വരുന്ന ശനിയാഴ്ച്ച അതായത് ഓശാന ഞായറിന് തലേ ദിവസമാണ് ഈ ദിനം ആചരിക്കുന്നത്.
കൊഴുക്കട്ട ഉണ്ടാക്കുവാൻ വേണ്ട സാധനങ്ങള്‍ :
1. അരിപ്പൊടി – 1 കപ്പ്
2. നാളികേരം (തേങ്ങ) – അര മുറി
3. ഉപ്പ് – ആവശ്യത്തിന്
4. ശര്‍ക്കര (ബെല്ലം) – 100 ഗ്രാം.
5. ഏലക്ക – 3 എണ്ണം
6. ചെറിയ ജീരകം – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :
സ്റ്റെപ്പ് 1 :
ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.
സ്റ്റെപ്പ് 2 :
അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല
സ്റ്റെപ്പ് 3 :
കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക,
സ്റ്റെപ്പ് 4 :
ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക