KeralaNEWS

ഇന്ന് രാത്രി ഒരു മണിക്കൂർ വൈദ്യുതി ഉപയോഗിക്കരുത്, രാത്രി 8.30 മുതൽ 9.30വരെ  വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് മന്ത്രി

   സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം രൂക്ഷമായതിനാൽ ഇന്ന് (ശനി) രാത്രി 8.30 മുതൽ 9.30വരെ ഭൗമ മണിക്കൂറായി ആചരിക്കണമെന്നും അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്യണമെന്നും വൈദ്യുതിമന്ത്രി കൃഷ്ണൻ കുട്ടി. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാനും മന്ത്രി നിർദേശിച്ചു.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൂട് രൂക്ഷമായതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. മഴ വിട്ടുനിൽക്കുന്നതിനാൽ എല്ലാ ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഏതാനം ജില്ലകളിൽ നേരിയ മഴ ലഭിച്ചത് ചൂടിൻ്റെ കാഠിന്യം കുറച്ചു. കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും രാത്രിയോടെയും നേരിയ മഴ ലഭിച്ചു.

ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Back to top button
error: