ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റു ചെയ്തെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ലെന്നും ജയില്‍നിന്ന് ഭരണം തുടരുമെന്നുമാണ് എ.എ.പി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ അതിഷി മര്‍ലിന കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കെജ്രിവാള്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ തടസ്സമില്ലെന്നും അതിഷി പറഞ്ഞിരുന്നു. എന്നാല്‍, നിയമപരമായി ഇതിന് എത്രത്തോളം സാധുതയുണ്ട് എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ വലിയ ചര്‍ച്ചനടക്കുന്നത്.
എന്നാല്‍, ജയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം നിറവേറ്റുന്നത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേയും മുഖ്യമന്ത്രിമാര്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും മറ്റൊരാളെ മുഖ്യമന്ത്രി പദം ഏല്‍പിച്ച് രാജിവെക്കുകയാണുണ്ടായത്. ഇതിന് ഉദാഹരണമാണ് ലാലുപ്രസായ് യാദവും ഹേമന്ത് സോറനും അടക്കമുള്ളവര്‍.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് അറസ്റ്റിലാവുമ്പോള്‍ ഭാര്യ റാബ്രി ദേവിയാണ് ബിഹാര്‍ മുഖ്യമന്ത്രിയായത്. സമാന രീതിയില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ജനുവരിയിയില്‍ ഇ.ഡി അറസ്റ്റിലായപ്പോഴും മുഖ്യമന്ത്രി പദം ചമ്പൈസോറനെ ഏല്‍പിച്ചിരുന്നു.
സമാനരീതിയില്‍ കെജ്രിവാള്‍ മുഖ്യമന്ത്രിപദം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള വഴികള്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് കേന്ദ്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അറസ്റ്റിലായ പൊതുസേവകനെ സ്ഥാനത്തുനിന്ന് പുറത്താക്കുകയെന്നതാണ് തുടര്‍ന്നുവരുന്ന രീതി. ഇത് കെജ്രിവാളിന്റെ കാര്യത്തിലുമുണ്ടാവുമെന്നാണ് സൂചന.
അറസ്റ്റിനെതിരേയുള്ള കെജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയാല്‍ തിഹാര്‍ ജയിലേക്കായിരിക്കും അദ്ദേഹത്തെ കൊണ്ടുപോവുക. ജയില്‍ നിയമപ്രകാരം മുഖ്യമന്ത്രിയുടെ ജോലി തുടരാനുള്ള പ്രത്യേക പരിഗണനയൊന്നും അവിടെ ലഭിക്കില്ല. ജയില്‍ നിയമപ്രകാരമുള്ള എല്ലാ നടപടികളും കെജ്രിവാളിന്റെ കാര്യത്തിലുമുണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
കെജ്രിവാള്‍ രാജിവെക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചുമതല ആര്‍ക്ക് നല്‍കുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലീനയിലേക്കായിരിക്കും ഡല്‍ഹി മുഖ്യമന്ത്രിയുടെ ചുമതലയെത്തുക. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയും എ.എ.പി വക്താവുമായ അതിഷി 2013-ല്‍ ആണ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. എഎപിയുടെ ഏറ്റവും ഉയര്‍ന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയാണ് അതിഷി.