CrimeNEWS

വ്യവസായിയില്‍നിന്ന് മരുമകന്‍ 107 കോടി തട്ടിയ കേസ്; അന്വേഷണം കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക്?

കൊച്ചി: കാസര്‍കോട്ടെ വ്യവസായി മുഹമ്മദ് ഹാഫിസ് 107 കോടി തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം കര്‍ണാടക രാഷ്ട്രീയബന്ധങ്ങളിലേക്ക്. മുഹമ്മദ് ഹാഫിസും കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാടും അടുത്തസുഹൃത്തുക്കളാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഹാരിസിന്റെ എം.എല്‍.എ. സ്റ്റിക്കര്‍ പതിച്ച വാഹനത്തിലായിരുന്നു ഹാഫിസിന്റെ സഞ്ചാരം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നാഫി മുഹമ്മദ് നാസര്‍ എന്ന വ്യക്തിയുടെ പേരിലാണ്. ഇയാള്‍ കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പിന്നണിയില്‍നിന്നു ചരടുവലിക്കുന്ന പ്രധാനികളിലൊരാളാണ്. ഹാരിസിന്റെ രാഷ്ട്രീയസഹായിയുമാണ്. തട്ടിയെടുത്ത പണം കര്‍ണാടക രാഷ്ട്രീയത്തിലേക്ക് ഒഴുക്കിയിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നു.

Signature-ad

ദുബായില്‍ വ്യവസായിയായ ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസനില്‍നിന്ന്, മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 107 കോടിയോളം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിലും ഗോവ-കര്‍ണാടക ചുമതലയുള്ള ആദായനികുതി ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റര്‍ഹെഡ് നിര്‍മിച്ച് പണം തട്ടിയ കേസിലുമാണ് അന്വേഷണം. കഴിഞ്ഞയാഴ്ച ബംഗളൂരു, ഗോവ, കാസര്‍കോട് എന്നിവിടങ്ങളില്‍നടന്ന റെയ്ഡില്‍ മുഹമ്മദ് ഹാഫിസിന്റെയും കൂട്ടരുടെയും 4.53 കോടി രൂപയും 209 പവനും മരവിപ്പിച്ചിരുന്നു. ഇവ കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

കര്‍ണാടക ശാന്തിനഗര്‍ മണ്ഡലം എം.എല്‍.എയായ എന്‍.എ. ഹാരിസിന് കര്‍ണാടക നിയമസഭ നല്‍കിയ സ്റ്റിക്കറാണ് മുഹമ്മദ് ഹാഫിസിന്റെ വാഹനത്തില്‍ പതിച്ചിരുന്നത്. വാഹനം എം.എല്‍.എയുടെ മകന്‍ മുഹമ്മദ് ഹാരിസില്‍നിന്നു വാങ്ങിയതാണെന്ന് ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറികൂടിയാണ് മുഹമ്മദ് ഹാരിസ്.

ശാന്തിനഗര്‍ മണ്ഡലത്തില്‍ ഹാരിസിനോട് തോറ്റ ബി.ജെ.പി. സ്ഥാനാര്‍ഥി കെ. ശിവകുമാര്‍ തിരഞ്ഞെടുപ്പ് ഹര്‍ജി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഹാരിസിന്റെ നാമനിര്‍ദേശ പത്രികയിലെ പിഴവ് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അതിനിടെയാണ് ഇ.ഡി. കേസും വന്നിരിക്കുന്നത്.

എന്‍.എ. ഹാരിസ്, മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട്, നാഫി മുഹമ്മദ് നാസര്‍ എന്നിവരെ ചോദ്യംചെയ്യാന്‍ കൊച്ചി ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തുമെന്നാണ് സൂചന.

Back to top button
error: