IndiaNEWS

ജോലി തട്ടിപ്പിനിരയായി യുക്രൈന്‍ യുദ്ധമുഖത്ത് മലയാളികളും; ഒരാള്‍ക്ക് വെടിയേറ്റ് ഗുരുതര പരിക്ക്

തിരുവനന്തപുരം: ജോലി തട്ടിപ്പില്‍ റഷ്യയില്‍ എത്തി കൂലിപ്പടയാളികളാകേണ്ടി വന്നവരില്‍ മലയാളികളും. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, പ്രിന്‍സ് സെബാസ്റ്റിയന്‍, വിനീത് സില്‍വ എന്നിവരാണ് റഷ്യയില്‍ എത്തി യുക്രൈനെതിരായ യുദ്ധത്തില്‍ കൂലിപ്പടയാളികളാകാന്‍ നിര്‍ബന്ധിതരായത്.

ഇവരില്‍ പ്രിന്‍സിന് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. ടാങ്കില്‍ സഞ്ചരിക്കവേയാണ് പ്രിന്‍സിന് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. മൈന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ കാലിനും പരിക്കുണ്ട്. മറ്റ് രണ്ടുപേരും ഇപ്പോഴും യുദ്ധമുഖത്താണുള്ളത്.

Signature-ad

റഷ്യയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം നല്‍കിയാണ് ഇവരെ യുദ്ധമുഖത്ത് എത്തിച്ചത്. മാസം രണ്ടുലക്ഷം രൂപ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സമാനമായ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഇത്തരത്തില്‍ റഷ്യയിലേക്ക് കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കാന്‍ റിക്രൂട്ടിങ് നടന്നിരുന്നു. ഇതേ തട്ടിപ്പിലാണ് ഇവരും കുടുങ്ങിയത്.

ഇവരെ ചതിച്ചത് മലയാളിയായ ഏജന്റ് ആണെന്നാണ് ആരോപണം. റഷ്യയില്‍ കുടുങ്ങിയ ഇവരുടെ വീട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന്‍ സന്ദര്‍ശിച്ചു. ഇന്ത്യക്കാരെ തട്ടിപ്പ് നടത്തി റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് നടത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അറസ്റ്റുള്‍പ്പെടെ നപടികള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് മലയാളികള്‍ യുദ്ധമുഖത്തുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സംഭവത്തില്‍ ഇവരുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഏഴ് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഏജന്റ് റഷ്യയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി വാങ്ങിയത്.

റഷ്യയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ദേശീയ തലത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോളാണ് മക്കള്‍ ഇത്തരത്തിലാണ് റഷ്യയിലെത്തിയതെന്ന് വീട്ടുകാര്‍ അറിയുന്നത്. തുമ്പ സ്വദേശിയാണ് ഇവരെ റഷ്യയിലെക്ക് റിക്രൂട്ട് ചെയ്ത ഏജെന്റ് എന്നാണ് വിവരം. മൂവരും മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവരാണ്. 24, 25 വയസുള്ള ചെറുപ്പക്കാരാണ്.

 

Back to top button
error: