IndiaNEWS

”പ്രചാരണത്തിനു പണമില്ല; കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു”

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുന്നുവെന്നു നേതൃത്വം. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണു നടക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ ചെലവില്‍ ബിജെപി പരസ്യമേഖല കയ്യടക്കി. കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

”ഇന്നു പറയുന്നതു വളരെ ഗുരുതരമായ വിഷയമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ മാത്രമല്ല ഇതു ബാധിക്കുന്നത്, ജനാധിപത്യത്തെക്കൂടിയാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിതമായ ശ്രമം നടത്തുന്നു. ജനങ്ങളില്‍നിന്നു സ്വീകരിച്ച പണം മരവിപ്പിച്ചു. ഞങ്ങളുടെ അക്കൗണ്ടുകളില്‍നിന്നുള്ള പണം നിര്‍ബന്ധമായി എടുത്തുമാറ്റി. ഇത് ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഇവ കാര്യമായി ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ഒരു വശത്ത് ഇലക്ടറല്‍ ബോണ്ടിന്റെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് വലിയ പ്രയോജനം ലഭിച്ചത് ബിജെപിക്കാണ്. മറുവശത്ത് പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയുടെ സാമ്പത്തികം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഇതു കീഴ്‌നടപ്പില്ലാത്തതും ജനാധിപത്യവിരുദ്ധവുമാണ്” -അവര്‍ വ്യക്തമാക്കി.

Signature-ad

അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചുനിര്‍ത്താന്‍ ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആദായനികുതിവകുപ്പ് അപ്പല്ലേറ്റ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യുഐ എന്നിവയുടെ അക്കൗണ്ടുകളില്‍നിന്ന് 65 കോടിയോളം രൂപ ഈടാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, 2018-19 കാലയളവിലെ നികുതിയായി 210 കോടി രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആദായനികുത വകുപ്പിന്റെ നടപടികള്‍ യാദൃശ്ചികമല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. ഇത് ഉത്തര്‍പ്രദേശിലെ പല പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതുപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രം നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Back to top button
error: