KeralaNEWS

എന്ത് രാജേന്ദ്രൻ! മുൻ സിപിഐഎം നേതാവ് ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായ നാടാണ് കേരളം !!

തിരുവനന്തപുരം: സംസ്ഥാന സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് മുൻ ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന സൂചന പുറത്തു വന്നതോടെ വാർത്തയ്ക്ക് വൻ പ്രചാരണമാണ് ബിജെപി ക്യാമ്പുകൾ നൽകുന്നത്.

ഇന്നലെ കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതാണ് രാജേന്ദ്രൻ  പാർട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകാൻ കാരണം.

എന്നാൽ മുൻ സിപിഐഎം നേതാവ് ബിജെപി സംസ്ഥാന പ്രസിഡൻ്റായ നാടാണ് കേരളമെന്ന് പലർക്കും ഇന്നറിയില്ല.നിയമസഭാംഗം ആയിട്ടില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാരമ്ബര്യം അവകാശപ്പെടാൻ കഴിയുന്ന നേതാവ് – മുൻ സംസ്ഥാന പ്രസിഡൻ്റും ബിജെപി ദേശിയ സമിതി അംഗവുമായ സി.കെ.പത്മനാഭന്റെ കാര്യമാണ് പറയുന്നത്.

Signature-ad

 കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1969 മുതല്‍  പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച്‌ ജനസംഘവുമായി ചേർ‌ന്നു പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് രണ്ടു വർഷം ആർഎസ്‌എസ് പ്രചാരകനായി പ്രവർത്തിച്ച ശേഷമാണ് പിന്നീട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്നത്.

മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.വിശ്വനാഥ മേനോനും പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്ന ആളാണ്.2006 ല്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇടതു സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച അൾഫോണ്‍സ് കണ്ണന്താനവും പാർട്ടി വിട്ടു ബിജെപിയിൽ ചേർന്ന ആളാണ്.

2011 മാർച്ചിലാണ് കണ്ണന്താനം ബിജെപിയില്‍ ചേർന്നത്. 2017 മുതല്‍ 2023 വരെ രാജ്യസഭാംഗമായ കണ്ണന്താനത്തെ ബിജെപി കേന്ദ്ര മന്ത്രിയുമാക്കിയിരുന്നു.അതേസമയം രണ്ട് തവണ പാർലമെൻ്റ് അംഗവം 1987 ല്‍ നായനാർ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന വിശ്വനാഥമേനോൻ പാർട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. 2003ലെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം സിപിഎം സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു.

അതേസമയം ദേവികുളം മുന്‍ എംഎല്‍എ ആയിരുന്ന എസ് രാജേന്ദ്രൻ നിലവിൽ സിപിഎം നേതാവല്ലെന്നാണ് യാഥാർത്ഥ്യം.ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് 2022-ൽ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു.പിന്നീട് പലതവണ സിപിഐഎം നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും രാജേന്ദ്രൻ സിപിഐഎമ്മിൽ നിന്നും പുറത്തുതന്നെയായിരുന്നു.

ദേവീകുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജ 10000 ത്തോളം വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരിന്നു സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഭൂരിപക്ഷം 7800 ലേക്ക് ചുരുങ്ങി. ഇതോടെയാണ് മൂന്ന് തവണ എംഎല്‍എ ആയിരുന്ന എസ് രാജേന്ദ്രനെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടി, കമ്മീഷനെ നിയോഗിച്ചത്. എ.രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ ബ്രാഞ്ച് തലം മുതലുള്ള പ്രവർത്തകരും രാജേന്ദ്രനെതിരെ പാർട്ടിക്ക് പരാതി നൽകിയിരുന്നു.

അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു.  മാത്രമല്ല, പ്രചരണപരിപാടിയില്‍ രാജയുടെ പേര് പോലും പറഞ്ഞില്ല, ജാതി പറഞ്ഞ് എ രാജയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് കമ്മീഷന്‍ കണ്ടെത്തിയത്. ജില്ലാസെക്രട്ടറിയേറ്റും, ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത്  നടപടിക്ക് ശുപാര്‍ശ നല്‍കിയതോടെയാണ് രാജേന്ദ്രനെ 2022 ജനുവരി 28ന് സിപിഐഎം സസ്പെൻഡ് ചെയ്തത്.

2006 മുതല്‍ 2021 വരെ ദേവികുളം എംഎല്‍എയായിരുന്ന രാജേന്ദ്രൻ മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയാണ്.

Back to top button
error: