സംഭവത്തില്‍ ആറന്മുള പൊലീസിന് വീഴ്ച പറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. കടം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്ന് ചൂണ്ടികാട്ടി മരിച്ച രജനി ത്യാഗരാജൻ (54) നേരത്തെ പൊലീസില്‍ പരാതിപെട്ടിട്ടും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അയല്‍വാസിയായ കുഞ്ഞുമോളുടെ കടയിലാണ് കഴിഞ്ഞ ദിവസം രജനി മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയത്. ഇവരുടെ മരുമകന് സജീവ് വാങ്ങിയ 30 പവനും മൂന്ന് ലക്ഷം രൂപയും തിരികെ നല്‍കാതിരുന്നതിലാണ് ആത്മഹത്യ. എട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മകനും രജനിയും ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന് ഫീസടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
പണം തിരികെ കിട്ടാത്തതില്‍ ഡിജിപിക്കടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ ആറന്മുള പൊലീസ് പേരിന് പ്രദേശത്ത് വന്ന് അന്വേഷണം നടത്തി മടങ്ങിയെന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. മറ്റുചിലരും രജനിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടം തരാനുള്ളവരുടെ പേരു വിവരങ്ങള്‍ മുറിയുടെ ഭിത്തിയില്‍ രജനി കുറിച്ചിട്ടുണ്ട്. ലോക്കറിലുണ്ടായിരുന്ന 90 പവനും കാണാതായിട്ടുണ്ട്. രജനിയുടെ മൃതദേഹം സംസ്കരിച്ചു.