കോട്ടയം : കോട്ടയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കോട്ടയത്ത് വിജയം ഉറപ്പാക്കുമെന്ന്
കോണ്‍ഗ്രസ് ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗവും കെപിസിസി പ്രചരണ വിഭാഗം ചെയര്‍മാനുമായ രമേശ് ചെന്നിത്തല എം എല്‍ എ പറഞ്ഞു.
യുഡിഎഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി എഫ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ 20 ല്‍ 19 സീറ്റും നേടി ചരിത്ര വിജയം കുറിച്ച ഐക്യജനാധിപത്യ മുന്നണി ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റും നേടും.കോട്ടയം എന്നും ജനാധിപത്യ വിശ്വാസികളുടെ ഈറ്റില്ലമാണ്. ഇവിടുത്തെ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണിയെ പിന്തുണച്ച ചരിത്രമാണുള്ളത്. എല്ലാവര്‍ക്കും സമ്മതനായ സ്ഥാനാര്‍ഥിയെയാണ് കോട്ടയത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂല ഘടകമായി മാറും.
വാജ്‌പേയ് സര്‍ക്കാരിന്റെ ഇന്ത്യ ഷൈനിംഗ് എന്ന കബളിപ്പിക്കല്‍ തന്ത്രമാണ് മോദി ഗാരണ്ടി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്ന് വാജ്‌പേയ് സര്‍ക്കാര്‍ താഴെ വീണു. ഇന്ന് ഉറപ്പായും മോദി സര്‍ക്കാര്‍ താഴെ വീഴും.
മണിപ്പൂരിലെ നിലയ്ക്കാത്ത വിലാപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. കേരളത്തില്‍ അഞ്ച് തവണ സന്ദര്‍ശനം നടത്തിയ മോദി ഒരിക്കല്‍ പോലും മണിപ്പൂരില്‍ പോയിട്ടില്ല. സംസ്ഥാനത്തെ അവസ്ഥയും മറ്റൊന്നല്ല. ക്ഷേമ പെന്‍ഷനുകള്‍ പോലും കിട്ടാതെ ജനങ്ങള്‍ തെണ്ടി നടക്കേണ്ട സാഹചര്യമാണുള്ളത്. റേഷന്‍ കിട്ടാനില്ല. മാവേലി സ്റ്റോറുകള്‍ കാലിയായി കിടക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളമില്ല.
മേക്ക് ഇന്ത്യ പദ്ധതിയില്‍ റബ്ബറിനെ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് പറ്റിച്ച കേന്ദ്ര സര്‍ക്കാരിനെപ്പോലെ സംസ്ഥാന സര്‍ക്കാരും റബ്ബറിനെ തഴഞ്ഞിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുര്‍ ഭരണത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് മതേതര ഇന്ത്യയെ നിലനിര്‍ത്തണമെന്നും അദേഹം പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമതി അംഗം കെ.സി. ജോസഫ്, എംഎല്‍എ മാരായ കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി. സി.കാപ്പന്‍, മുന്‍ എംപിമാരായ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി തോമസ്, സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം, കെഡിപി സംസ്ഥാന പ്രസിഡണ്ട് സലിം പി.മാത്യു, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ സലീം, കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, യുഡിഎഫ് ജില്ലാ ഭാരവാഹികളായ സജി മഞ്ഞക്കടമ്പന്‍, അഡ്വ.ഫില്‍സണ്‍ മാത്യൂസ്, മുന്‍ ഡി സി സി പ്രസിഡണ്ടുമാരായ ടോമി കല്ലാനി, ജോഷി ഫിലിപ്പ്, എം.പി ജോസഫ് ഐഎഎസ്, പ്രിന്‍സ് ലൂക്കോസ്, തമ്പി ചന്ദ്രന്‍, റ്റി.സി അരുണ്‍, മദന്‍ലാല്‍ ,ടോമി വേദ ഗിരി, ഫാറൂഖ് പാലപ്പറമ്പില്‍, അഡ്വ.ജെയ്‌സന്‍ ജോസഫ്, എ.കെ ജോസഫ്, ബിനു ചെങ്ങളം, യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനു ശേഷം ,കമ്മറ്റി ഓഫീസില്‍ രമേശ് ചെന്നിത്തല എം എല്‍ എ പത്രസമ്മേളനം നടത്തി.