പൂത്തോട്ട കെപിഎംഎച്ച്എസിലെ ഹൈസ്കൂള്അധ്യാപികമാരായ എ.കെ. സിന്ധുവും ഒ.രജിതയുമാണ് തങ്ങളുടെ മക്കളുടെ വിവാഹത്തില്‍ ആഡംബരം ഒഴിവാക്കി സ്വന്തം സ്കൂളിലെ രണ്ട് വിദ്യാർത്ഥികള്‍ക്ക് വീടൊരുക്കുന്നത്. സിന്ധുവിന്റെ മകനും രജിതയുടെ മകളും തമ്മിലുള്ള വിവാഹമാണ് ആർഭാടം ഒഴിവാക്കി നടത്തുന്നത്.
സിന്ധുവിന്റെ ഭർത്താവ് പൂത്തോട്ട ഉണ്ണികൃഷ്ണഭവനത്തില് എ.ഡി. ഉണ്ണികൃഷ്ണൻ പൂത്തോട്ട എൻഎൻഡിപി യോഗം പ്രസിഡൻറാണ്. ഇവരുടെ മകൻ അരവിന്ദ്.യു. കൃഷ്ണയും രജിതയുടെയും പൂത്തോട്ട തേജസില്‍ ഡോ. എസ്.ആർ. സജീവിന്റെയും മകള്‍ അമൃതലക്ഷ്മിയും തമ്മിലുള്ള വിവാഹം നവംബർ 11 നാണ് നടക്കുന്നത്. കളമശേരി ഐടിഐ അഡ്വാൻസ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം പ്രിൻസിപ്പലാണ് ഡോ. എസ്.ആർ. സജീവ്.
ബിടെക്, എംബിഎ ബിരുദധാരിയായ അരവിന്ദ് ഇവൈ എന്ന മള്‍ട്ടി നാഷണല്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനാണ്. അമൃതലക്ഷ്മി ഫാക്ടില്‍ ജോലി ചെയ്യുന്നു.ആർഭാടം പരമാവധി ഒഴിവാക്കുക എന്ന ഗുരുദേവ ദർശനം ഉള്‍കൊണ്ട് മക്കളുടെ വിവാഹം ലളിതമായി നടത്തി ബാക്കി തുകയ്ക്ക് സ്കൂളിലെ ഏറ്റവും നിർധനരായ രണ്ടു വിദ്യാർഥികള്‍ക്ക് വീടു നല്‍കാനാണ് ഈ അധ്യാപികമാർ ഒരുങ്ങുന്നത്.ശിവഗിരിയില്‍ ഏറ്റവും ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതാണ് വിവാഹ ചടങ്ങ്.
500 സ്ക്വയർ ഫീറ്റില്‍ നിർമിക്കുന്ന ഒരു വീടിന് ഒമ്ബതു ലക്ഷം രൂപയാണ് മുതല്‍ മുടക്ക്. ഏപ്രിലില്‍ വീട് നിർമാണം തുടങ്ങി ഒക്ടോബറില്‍ പൂർത്തിയാക്കും. വിവാഹദിനത്തിന് പിറ്റേന്ന്, നവംബർ 12-ന് താക്കോല്‍ കൈമാറാനുള്ള രീതിയിലാണ് തയാറെടുപ്പുകള്‍ നടക്കുന്നത്.
പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിലെ ഉത്സവ ആർഭാട ചടങ്ങുകള്‍ ചുരുക്കി നിർധനർക്ക് വീട് വച്ചു നല്കുന്ന ശ്രീ നാരായണവല്ലഭ ഭവനം പദ്ധതിയാണ് തങ്ങളെ ഇത്തരത്തില്‍ ചിന്തിപ്പിക്കാൻ ഇടയാക്കിയതെന്ന് അധ്യാപികമാരായ സിന്ധുവും രജിതയും പറഞ്ഞു.