ചിത്രം ഇറങ്ങിയിട്ട് 35 വർഷം കഴിഞ്ഞിട്ടും പുതിയ തലമുറ പോലും ആ പടത്തെയും, ക്ലാരയായ നടി സുമലതയെയും ആഘോഷിക്കയാണ്. ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹൻലാലിന്റെ ജയകൃഷ്ണനും, മഴയ്ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്. എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്ബോള്‍ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓർക്കാൻ സാധിക്കില്ലെന്ന് പറയുമ്ബോള്‍ അത് സുമലത എന്ന അഭിനേത്രിയുടെ അഭിനയമികവ് കൂടിയാണ്.
ലോകത്ത് എവിടെപ്പോയാലും അവിടെ ഒരു മലയാളി ഉണ്ടാവുമെന്നും ക്ലാരയെ അവർ തിരിച്ചറിയുമെന്നും, സുമലത തന്നെ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാളത്തിന്റെ നിത്യഹരിത നൊസ്്റ്റാള്ജിയായ ഈ നടി ഇപ്പോള്‍ കന്നഡ രാഷ്ട്രീയത്തിലും വാർത്തകളില്‍ നിറയുകയാണ്. ആദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ സുമലത ഇപ്പോള്‍ തിരിച്ച് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
കർണാടകയിലെ സീറ്റ് വിഭജനത്തില്‍ ഇപ്പോള്‍ സുമലത എം പിയായിട്ടുള്ള മാണ്ഡ്യ മണ്ഡലത്തില്‍ മാത്രമാണ് സീറ്റ് ധാരണയാവാഞ്ഞത്. പ്രമുഖ നടൻ അംബരീഷിന്റെ ഭാര്യയായ സുമലത അദ്ദേഹത്തിന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന അംബരീഷ് മരണപ്പെട്ടപ്പോള്‍ സുമലത സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തവണത്തെ കോണ്‍ഗ്രസ് – ജെഡിഎസ് സീറ്റ് ധാരണയുടെ ഭാഗമായി ജെഡിഎസിന് സീറ്റ് നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. ഇതില്‍ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ച സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. കുമാരസ്വാമിയുടെ മകൻ നിഖില്‍ കുമാരസ്വാമിയായിരുന്നു ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ജെ ഡി എസ് കോട്ടയില്‍ 1.25 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുമലത വിജയിച്ചു.
ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ സുമലത താല്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും കർണാടകത്തില്‍ ബിജെപി- ജെഡിഎസ് സഖ്യമായി. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടെങ്കിലും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് കർണാടകയിലെ ബിജെപി – ജെഡിഎസ് സഖ്യം. നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഇരുപാർട്ടികളും സഖ്യം രൂപീകരിച്ചത്.
ഇപ്പോള്‍ മാണ്ഡ്യ സീറ്റിനായി കടുത്ത സമ്മർദ്ദമാണ് ജെ ഡി എസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതോടെ സീറ്റ് അവർക്ക് നല്‍കുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമി വീണ്ടും ജനതാദള്‍ എസ് ജനതാദള്‍ എസ് സ്ഥാനാർത്ഥിയാകുമെന്ന സൂചന കുമാരസ്വാമി കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. ജെഡിഎസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം 25 ന് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡ്യയില്‍ നടന്ന പാർട്ടി യോഗത്തിനു ശേഷം കുമാരസ്വാമി അത്തരത്തില്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയെന്നാണ് റിപ്പോർട്ട്. സുമലതയെ തള്ളി നിഖിലിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കിയാല്‍ സുമലതയുടെ നീക്കം എന്താകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയങ്കില്‍ സുമലത വീണ്ടും സ്വതന്ത്രയായി മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്.